കൃത്യമായ സെക്സ് എഡ്യൂക്കേഷൻ ഇല്ലാത്തതാണ് പല പ്രശ്ങ്ങൾക്കും – ഷൈൻ ടോം ചാക്കോ

അടുത്തിടെയായി ട്രോളുകൾക്ക് വിധേയനായ താരങ്ങളിൽ ഒരാളാണ് ഷൈൻ ടോം ചാക്കോ. ഇതിന് പിന്നാലെയാണ് ഷൂട്ടിംഗ് സെറ്റില് വാക്കേറ്റമുണ്ടായതും നാട്ടുകാരനെ തല്ലി എന്ന വാർത്തകളും എത്തിയത്. ഇതോടെ വിവാദത്തിലായിരിക്കുകയാണ് താരം. ഉറക്കം തൂങ്ങി നടൻ നൽകിയ അഭിമുഖങ്ങളായിരുന്നു വ്യാപക ട്രോളിന് വിധേയമായത്. ലഹരി ഉപയോഗിച്ചാണ് ഷൈൻ അഭിമുഖത്തിന് എത്തിയതെന്ന ആരോപണവും ചിലർ ഉയർത്തി. എന്നാൽ കാലിന് പരിക്കേറ്റ ഷൈൻ സഡേഷനിൽ ആയിരുന്നുവെന്ന് സഹപ്രവർത്തകർ പ്രതികരിച്ചിരുന്നു.

കൃത്യമായ സെക്സ് എഡ്യൂക്കേഷൻ ഇല്ലാത്തതാണ് പല പ്രശ്ങ്ങൾക്കും കാരണമെന്ന് ഷൈൻ ടോം ചാക്കോ തുറന്നടിച്ചു. ആണെന്താണ് പെണ്ണെന്താണെന്ന് കുട്ടികളെ ചെറുപ്പത്തിലേ പഠിപ്പിക്കണമെന്നും ഷൈൻ അഭിപ്രായപ്പെട്ടു. മാതാപിതാക്കളിൽ നിന്നോ സ്‌കൂളുകളിൽ നിന്നോ അല്ല സെക്സ് എഡ്യൂക്കേഷൻ കുട്ടികളിലേയ്ക്ക് എത്തുന്നത്. തെറ്റായ രീതിയിലാണ് സെക്സിനെപ്പറ്റി അറിയുന്നത്. സെക്സ് എന്ന വാക്ക് പോലും ആളുകൾ പറയാറില്ലെന്നും ഷൈൻ കൂട്ടിച്ചേർത്തു.സ്ത്രീകൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും ഇറങ്ങി നടക്കാനുമുള്ള സ്വാതന്ത്ര്യം വേണമെന്നും താരം ചൂണ്ടിക്കാട്ടി.

വിനായകൻ പറഞ്ഞത് പോലെ അങ്ങനെ ഒരു പെൺകുട്ടിയോട് ചോദിക്കുന്നത് ശരിയാണെന്ന് തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് അതൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ തീരുമാനങ്ങളാണെന്നും അഭിപ്രായം പറയാതിരിക്കുന്നതാണ് നല്ലത് എന്നായിരുന്നു ഷൈനിന്റെ മറുപടി.