മകരവിളക്ക് ഉത്സവം, സുരക്ഷ ഉറപ്പാക്കാൻ അധികമായി ആയിരം പോലീസുകാർ, ഡിജിപി സന്നിധാനം സന്ദർശിച്ചു

പത്തനംതിട്ട. ആയിരം പോലീസുകാരെ അധികമായി ശബരിമലയിലെ മകരവിളക്ക് ഉത്സവത്തിനായി നിയോഗിച്ചിട്ടുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി ഡോ ഷെയ്ഖ് ദര്‍വേഷ് സാഹിബ്. മകരവിളക്കുമായി ബന്ധപ്പെട്ട് നടത്തിയ അവലോകന യോഗത്തിലാണ് ഡിജിപി ഇക്കാര്യം അറിയിച്ചത്.

ശബരിമലയില്‍ നാല് എസ്പിമാരുടെയും 19 ഡിവൈഎസ്പി മാരുടെയും 15 ഇന്‍സ്‌പെക്ടര്‍ മാരുടെയും നേതൃത്വത്തിലാണ് ആയിരം പേരെ അധികമായി നിയോഗിച്ചത്. പ്രധാനമായും പോലീസിനെ വിന്യസിച്ചിരിക്കുന്നത് പാണ്ടിത്താവളം, നിലയ്ക്കല്‍, സന്നിധാനം, പമ്പ എന്നിവിടങ്ങളിലാണ്. പോലീസ് മകരവിളക്ക് ഉത്സവത്തിനായിട്ടുള്ള ക്രമീകരണങ്ങള്‍ എല്ലാം ഒരുക്കിയിട്ടുണ്ട്.

ഭക്തര്‍ ഒത്തുകൂടുന്ന എല്ലാ സ്ഥലങ്ങളിലും വെളിച്ചം ഉള്‍പ്പെടെ ക്രമീകരിക്കും. ദേവസ്വം കോംപ്ലക്‌സില്‍ നടന്ന അവലോകന യോഗത്തിന് ശേഷം സന്നിധാനത്തും പരിസരത്തും പോലീസ് മേധാവി സന്ദര്‍ശനം നടത്തി. കൊടിമരത്തിനു സമീപത്തും പതിനെട്ടാം പടിയും അദ്ദേഹം സന്ദര്‍ശിച്ചു.