അമ്മയുടെ സിനിമകളേക്കാള്‍ എനിക്കിഷ്ടം കല്യാണ കാസറ്റ് കാണാന്‍, മാളവിക ജയറാം പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് ജയറാമിന്റേത്. നടനുമായുള്ള വിവാഹ ശേഷം അഭിനയത്തില്‍ നിന്നും വിട്ടു കുടുംബകാര്യം നോക്കി കഴിയുകയാണ് പാര്‍വതി. മക്കളായ മാളവികയും കാളിദാസും മലയാളികള്‍ക്ക് സുപരിചിതരാണ്. തമിഴിലും മലയാളസിനിമയിലുമായി തിളങ്ങി നില്‍ക്കുകയാണ് കാളിദാസ്. മാളവിക ജയറാമിനൊപ്പം ഒരു പരസ്യ ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തു.

ഇപ്പോള്‍ അമ്മ പാര്‍വതി ഇനിയും സിനിമയില്‍ അഭിനയിക്കുന്നത് കാണണ്ടേ എന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് മാളവിക. അമ്മയെ നടിയായി കാണാന്‍ കഴിഞ്ഞിട്ടില്ല എന്ന് മാളവിക പറയുന്നു. സിനിമയില്‍ അഭിനയിക്കുന്ന അമ്മ മറ്റാരോ ആണെന്നു തോന്നുമെന്ന് മാളവിക ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

മാളവികയുടെ വാക്കുകള്‍ ഇങ്ങനെ, ‘അമ്മയെ ഇതുവരെ നടി ആയി കാണാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ടാകും അഭിനയിച്ച ഒരു സിനിമയും മുഴുവനായി കണ്ടിട്ടില്ല. ചാനലുകളില്‍ വരുന്ന പാട്ടുകളും ചില രംഗങ്ങളും മാത്രം കാണും. സിനിമയില്‍ അഭിനയിക്കുന്ന അമ്മ, അത് മറ്റാരോ ആണെന്നു തോന്നും. കണ്ണന്‍ ഇങ്ങനെയല്ല. അമ്മ അഭിനയിച്ച എല്ലാ സിനിമയും കുത്തിപ്പിടിച്ചിരുന്നു കാണും.’

‘വടക്കു നോക്കിയന്ത്രവും അക്കരെ അക്കരെ അക്കരെയും അവന്റെ ഇഷ്ട സിനിമകളാണ്. അമ്മയുടെ സിനിമകളേക്കാള്‍ എനിക്കിഷ്ടം അമ്മയുടെയും അപ്പയുടെയും കല്യാണ കാസറ്റ് കാണാനാണ്. അപ്പയെ നന്നായി കളിയാക്കാറുമുണ്ട്. അപ്പ മേക്കപ്പ് ഒക്കെയിട്ട് സുന്ദരനായിരിക്കുന്നു. അമ്മയാണെങ്കില്‍ ടെന്‍ഷനടിച്ചിരിക്കുന്നു’.- മാളവിക പറഞ്ഞു.

സിനിമയിലേക്ക് വരുന്നതിനേക്കാള്‍ എന്തെങ്കിലും ഇഷ്ടമുള്ള ജോലി ചെയ്യണം എന്ന കാര്യത്തിലാണ് ചക്കി തന്നെ നിര്‍ബന്ധിക്കാറുള്ളത് എന്നാണ് പാര്‍വതി പറയുന്നു. കുട്ടികള്‍ക്കു വേണ്ടിയാണ് സിനിമയില്‍ നിന്നും മാറി നിന്നത്. അവരിപ്പോള്‍ സ്വന്തം ചിറകില്‍ പറക്കാറായി. എപ്പോഴും താന്‍ വീട്ടില്‍ വേണമെന്നില്ല. തന്നെ ആവശ്യമുള്ള സിനിമയാണെന്ന് തോന്നിയാല്‍ ആലോചിക്കാം എന്നും പാര്‍വതി വ്യക്തമാക്കി.