മേഖലയിൽ നിന്ന് താലിബാൻ പിന്മാറിയാൽ മാത്രം ചർച്ചയ്ക്കു തയ്യാർ; നിലപാട് വ്യക്തമാക്കി അഹമ്മദ് മസൂദ്

അഫ്ഗാനിലെ പഞ്ച്ശിറിൽ താലിബാൻ ഭീകരരും ദേശീയ പ്രതിരോധ സേനയും തമ്മിലുള്ള യുദ്ധം തുടരുന്നു. മേഖലയിൽ നിന്ന് താലിബാൻ പിൻമാറിയാൽ മാത്രമേ യുദ്ധം നിർത്തി ചർച്ചയ്‌ക്ക് തയ്യാറാകൂവെന്നും പ്രതിരോധ സേനാ തലവൻ അഹമ്മദ് മസൂദ് അറിയിച്ചു. പഞ്ച്ശിറിലെ നാല് ജില്ലകൾ പിടിച്ചെടുത്തുവെന്നും വൈകാതെ പൂർണ നിയന്ത്രണം ഏറ്റെടുക്കുമെന്നുമുളള താലിബാൻ അവകാശവാദങ്ങൾക്കിടെയാണ് അഹമ്മദ് മസൂദ് നിലപാട് വ്യക്തമാക്കിയത്. കാബൂളിന്റെ ഉൾപ്പെടെ നിയന്ത്രണം പിടിച്ചെടുത്തിട്ടും പഞ്ച്ശിറിൽ പിന്നെയും പോരാടേണ്ടി വന്നത് താലിബാന് വലിയ തിരിച്ചടിയാണ്.

കാബൂളിന് 90 കിലോമീറ്റർ വടക്ക് ഹിന്ദ്കുശ് മലനിരകളിലാണ് പഞ്ച്ശിർ താഴ്‌വര. പഞ്ച്ശിറിനെ കൂടാതെ അൻ്ഡ്രാബ്, പർവ്വാൻ, കപിസ എന്നിവിടങ്ങളിലും പോരാട്ടം അവസാനിപ്പിക്കാൻ താലിബാൻ തയ്യാറാകണമെന്നും അഹമ്മദ് മസൂദ് ആവശ്യപ്പെട്ടു.

പഞ്ച്ശിറിലെ മറ്റ് മേഖലകൾ താലിബാന്റെ നിയന്ത്രണത്തിലായെന്നും സെൻട്രൽ ബസാർ മാത്രമാണ് അവശേഷിക്കുന്നതെന്നുമായിരുന്നു രാവിലെ താലിബാൻ കൾച്ചറൽ അഫയേഴ്‌സ് കമ്മീഷൻ ഉപമേധാവി അഹ്മ്ദുളള വാസിഖ് പറഞ്ഞത്. എന്നാൽ അധികം വൈകാതെ തന്നെ ദേശീയ പ്രതിരോധ സേന താലിബാന്റെ അവകാശവാദം നിഷേധിച്ച് രംഗത്തെത്തി. ഞായറാഴ്ച നടന്ന പോരാട്ടത്തിൽ പഞ്ച്ശിറിലെ പരെയ്ൻ ജില്ല കൂടി താലിബാനിൽ നിന്ന് പിടിച്ചെടുത്തതായി ദേശീയ പ്രതിരോധ സേനാ നേതൃത്വം വ്യക്തമാക്കി. പരെയ്‌നിലെ പോരാട്ടം താലിബാന് കനത്ത നാശമാണ് ഉണ്ടാക്കിയിട്ടുളളതെന്ന് ടോളോ ന്യൂസും റിപ്പോർട്ട് ചെയ്തു.