നിയമന കുംഭകോണത്തില്‍ മമത പെട്ടു, ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടാൽ ഒന്നും അവശേഷിക്കില്ല, രൂക്ഷ വിമർശനവുമായി സുപ്രീം കോടതി

കൊൽക്കത്ത: നിയമന കുംഭകോണത്തില്‍ മമത സര്‍ക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടാൽ ഒന്നും അവശേഷിക്കില്ലെന്നും ഇത് വഞ്ചനയാണെന്നും കോടതി. ഇത്തരം നിയമനങ്ങൾ തെറ്റായ രീതിയിൽ നടക്കുകയാണെങ്കിൽ പിന്നെ എന്താണ് അവശേഷിക്കുക? ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെടും. നിങ്ങൾക്കിത് അം​ഗീകരിക്കാൻ സാധിക്കുമോ?, ബം​ഗാൾ സർക്കാരിനോട് കോടതി ചോദിച്ചു. കേസ് ഇനി പരി​ഗണിക്കുന്നതുവരെ ന്യൂമെററി തസ്തിക സൃഷ്ടിച്ച ഉദ്യോ​ഗസ്ഥർക്കെതിരെ സിബിഐയുടെ യാതൊരു നടപടിയും പാടില്ലെന്നും കോടതി നിർദേശിച്ചു.

പശ്ചിമബംഗാള്‍ സ്‌കൂള്‍ സര്‍വീസസ് കമ്മിഷന്‍ (എസ്.എസ്.സി.) നിയമനം കോടതിയിൽ ചോദ്യംചെയ്യപ്പെട്ടപ്പോഴും സൂപ്പർ ന്യൂമെററി തസ്തിക സൃഷ്ടിച്ച് വെയിറ്റിങ് ലിസ്റ്റിലുള്ള ഉദ്യോ​ഗാർഥികളെ നിയമിച്ചത് എന്തിനാണെന്ന് കോടതി ചോദിച്ചു. സര്‍ക്കാര്‍ സ്പോണ്‍സേഡ്, എയ്ഡഡ് സ്‌കൂളുകളിലെ 2016-ലെ മുഴുവന്‍ റിക്രൂട്ട്‌മെൻ്റ് നടപടികളും റദ്ദാക്കിയ കൊല്‍ക്കത്ത ഹൈക്കോടതി വിധിക്കെതിരായ ഹർജി പരി​ഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച്.

അതേസമയം, ഏകപക്ഷീയമായാണ് നിയമനങ്ങൾ ഹൈക്കോടതി റദ്ദാക്കിയത് എന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ വാദം. നേരത്തേ ഹർജി പരി​ഗണിച്ചപ്പോൾ, കൊല്‍ക്കത്ത ഹൈക്കോടതി വിധി സ്റ്റേചെയ്തുകൊണ്ടുള്ള ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ സുപ്രീം കോടതി വിസ്സമ്മതിച്ചിരുന്നു.