പരിശോധനയ്‌ക്കിടെ പിടിക്കപ്പെടാതിരിക്കാൻ ഫോൺ വിഴുങ്ങി തടവ്പുള്ളി ; പിന്നീട് സംഭവിച്ചത്

പട്‌ന : പരിശോധനയ്‌ക്കിടെ പിടിക്കപ്പെടാതിരിക്കാൻ ഫോൺ വിഴുങ്ങി ജയിൽപ്പുള്ളി. ബീഹാറിലെ ഗോപാൽഗഞ്ച് ഡിവിഷണൽ ജയിലിലാണ് സംഭവം. എന്നാൽ ഫോൺ ഉള്ളിൽ ചെന്നതോടെ പ്രതിക്ക് വയറുവേദന അനുഭവപ്പെട്ടു. അസഹനീയമായ വേദനയെ തുടർന്ന് കൈഷർ അലിയെ സർദാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പരിശോധനയെ തുടർന്ന് വയറിൽ നിന്ന് ഡോക്ടർമാർ മൊബൈൽ ഫോൺ കണ്ടെത്തി. ഡോക്ടർമാർ കൂടുതൽ പരിശോധനയ്‌ക്കായി എക്‌സ്‌റേ എടുത്തതോടെയാണ് കാര്യങ്ങൾ പുറത്തറിയുന്നത്. സംഭവത്തെ സംബന്ധിച്ച് വിശദമായ അന്വേഷണം ആവശ്യമാണെന്ന് ഡോക്ടർ പറഞ്ഞു.

ഇതോടെ കാര്യങ്ങൾ കൈയ്യിൽ നിന്ന് പോയെന്ന് മനസിലാക്കിയ പ്രതി കാര്യങ്ങൾ തുറന്നു പറഞ്ഞു. മൊബൈൽ ഫോൺ പിടിക്കപ്പെടുമെന്ന ഘട്ടത്തിൽ വിഴുങ്ങിയതാണെന്ന് പ്രതി മൊഴി നൽകി. കൂടുതൽ അന്വേഷണം നടന്നുവരികയാണ്. മയക്കുമരുന്നുമായി പിടിയിലായതിനെ തുടർന്ന് കഴിഞ്ഞ മൂന്ന് വർഷമായി ഇയാൾ തടവു ശിക്ഷ അനുഭവിക്കുകയാണെന്നാണ് വിവരം.