തമിഴ്‌നാട്ടില്‍ വ്യാപക നാശം വിതച്ച് മാന്‍ഡോസ് ചുഴലിക്കാറ്റ്, ആറ് മരണം

ചെന്നൈ: മാന്‍ഡോസ് ചുഴലിക്കാറ്റ് തീരം തൊട്ടതോടെ തമിഴ്‌നാട്ടില്‍ ചെന്നൈയുള്‍പ്പെടെയുള്ള കടലോരജില്ലകളില്‍ വ്യാപകനാശം. ചെന്നൈയില്‍ ആറുപേര്‍ മരിച്ചു. പൊട്ടിവീണ വൈദ്യുതക്കമ്പിയില്‍നിന്ന് ഷോക്കേറ്റാണ് നാലുപേര്‍ മരിച്ചത്. കെട്ടിടം തകര്‍ന്നാണ് മറ്റുരണ്ടുപേര്‍ മരണപ്പെട്ടത്. ഇതോടെ കടലോരജില്ലകളില്‍ വൈദ്യുതിവിതരണം മുടങ്ങിയ അവസ്ഥയാണ്.

കാറ്റിന്റെ വേഗത്തില്‍ ആയിരത്തോളം ബോട്ടുകള്‍ കൂട്ടിയിടിച്ചുതകര്‍ന്നു. ശനിയാഴ്ച പുലര്‍ച്ചെ 1.30-ഓടെയാണ് മാന്‍ഡോസ് മഹാബലിപുരത്തിന് സമീപം കരതൊട്ടത്. 75 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശിയത്. വെള്ളിയാഴ്ച രാത്രി വൈകീട്ടുമുതല്‍ ശക്തമായ കാറ്റുണ്ടായിരുന്നു. ചുഴലിക്കാറ്റ് കരയോടടുക്കുന്നതിനുസരിച്ച് കാറ്റിന്റെ വേഗം കൂടി.

ശക്തമായ കാറ്റിൽ ചെന്നൈയിലും സമീപപ്രദേശങ്ങളിലുമായി റോഡരികിലെ 400-ഓളം മരങ്ങള്‍ കടപുഴകിവീണു. ഇവ ശനിയാഴ്ച രാവിലെ പത്തിനുള്ളില്‍ പോലീസും ദുരന്തനിവാരണസേനകളും ചേര്‍ന്ന് നീക്കി. ചൂളൈമേട്, അരുമ്പാക്കം എന്നിവിടങ്ങളില്‍ വെള്ളംകയറി. ഇവിടെ ജനജീവിതം ദുരിതത്തിലായ അവസ്ഥയാണ്.

നൂറിലധികം മീന്‍പിടിത്തബോട്ടുകള്‍ ചുഴലിക്കാറ്റില്‍ കാശിമേട് തുറമുഖത്തുമാത്രം തകര്‍ന്നു. ലക്ഷങ്ങളുടെ നഷ്ടമാണ് ബോട്ടുകള്‍ തകര്‍ന്നതിലൂടെ സംഭവിച്ചതെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. വിവിധ വകുപ്പുകളിലെ 25,000 ജീവനക്കാര്‍ രക്ഷാപ്രവര്‍ത്തനത്തിലാണെന്ന് അധികൃതര്‍ വ്യക്തമാക്കി.