ദുരന്തത്തിന്റെ നടുക്കുന്ന ഓർമ്മകളുമായി മണിച്ചൻ ജയിലിൽ നിന്ന് പുറത്തേക്ക്…

 

തിരുവനന്തപുരം/ കല്ലുവാതുക്കള്‍ വിഷമദ്യ ദുരന്ത കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട മണിച്ചന് ജയിലിൽ നിന്ന് മോചനം. മണിച്ചന്‍ ഉള്‍പ്പെടെ 33 തടവുകാരെ മോചിപ്പിക്കാനുള്ള ഫയലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവച്ചു. 2000 ഒക്ടോബറിലാണ് നാടിനെ നടുക്കിയ വിഷ മദ്യ ദുരന്തമുണ്ടായത്. ദുരന്തത്തില്‍ 33പേര്‍ മരിക്കുകയും നിരവധിപേര്‍ക്ക് കാഴ്ച നഷ്ടപ്പെടുകയും ചെയ്തിരുന്നു.

മണിച്ചന്റെ ഗോഡൗണില്‍ നിന്ന് എത്തിച്ച് നൽകിയ മദ്യം കഴിച്ചവരാണ് ദുരന്തത്തിനിരകളാവുന്നത്. മദ്യ ദുരന്ത കേസില്‍ 22 വര്‍ഷമാണ് മണിച്ചന്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചത്. ആദ്യം തടവുകാരെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച ഫയല്‍ ഗവര്‍ണര്‍ തിരിച്ചയച്ചിരുന്നു. 64 തടവുകാരെ മോചിപ്പിക്കാന്‍ തീരുമാനിച്ച തിൽ പിന്നെ 33 ആക്കി ചുരുക്കിയതില്‍ വിശദീകരണം ആവശ്യപ്പെട്ടായിരുന്നു ഗവര്‍ണര്‍ ഫയല്‍ മടക്കുന്നത്.

തടവുകാരുടെ എണ്ണത്തിൽ 33 ആക്കി കുറവ് ചെയ്‌തത്‌ വിദഗ്ധ സമിതി വിശദ പരിശോധന നടത്തിയ ശേഷമാണ് എന്നാണ് സര്‍ക്കാര്‍ മറുപടി നല്‍കിയത്. 20 വര്‍ഷം തടവ് പിന്നിട്ടവരെയും പ്രായാധിക്യം ഉള്ളവരെയും രോഗികളെയും ആണ് പരിഗണിച്ചതെന്ന സർക്കാർ വിശദീകരണം ലഭിച്ചതോടെ ഗവര്‍ണര്‍ ഫയലില്‍ ഒപ്പിടുകയായിരുന്നു. മണിച്ചന്‍, ഹയറുന്നിസ, മണിച്ചന്റെ ഭാര്യ ഉഷ, സഹോദരന്മാ രായ കൊച്ചനി, വിനോദ് കുമാര്‍, എന്നിവരായിരുന്നു കേസിലെ പ്രധാന പ്രതികള്‍. ഹയറുന്നിസ ജയില്‍ ശിക്ഷക്കിടെ മരണപെട്ടു.