അജീഷിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മാനന്തവാടി അതിരൂപത

വയനാട് : കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച അജീഷിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മാനന്തവാടി അതിരൂപത. അജിയുടെ മരണം അധികാരികളുടെ കണ്ണ് തുറപ്പിക്കണമെന്നും കാട് നശിപ്പിച്ചത് നാട്ടുകാരല്ല, മാറിമാറി വന്ന സർക്കാരുകളാണ് എന്ന് മാനന്തവാടി ബിഷപ്പ് ജോസ് പൊരുന്നോടം പറഞ്ഞു.

മാറി മാറി വന്ന സർക്കാർ വയനാട്ടിലെ കാടുകൾ വെട്ടി വെളുപ്പിച്ച് തേക്കും യൂക്കാലിയും നട്ട് പിടിപ്പിച്ചു. കാട് നശിപ്പിച്ചതോടെ വന്യമൃഗങ്ങൾ നാട്ടിലിറങ്ങാൻ തുടങ്ങി. വനത്തിനെ ഓഡിറ്റ് ചെയ്യാനോ പഠിക്കാനോ സർക്കാരുകൾക്ക് സാധിച്ചിട്ടില്ല. നാടിനെയും വനത്തിനേയും വേർതിരിക്കുന്ന തരത്തിലുള്ള സംവിധാനങ്ങൾ ഒരുക്കണം. പിടികൂടുന്ന ആനകളെ കർണാടക വനത്തിൽ വിട്ടാലും അവ തിരികെ ഇവിടേക്കെത്തും.

വന്യമൃഗങ്ങളുടെ എണ്ണം വർദ്ധിച്ചു. പാശ്ചാത്യ രാജ്യങ്ങളിൽ എണ്ണം വർധിക്കുമ്പോൾ അവ നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ ഉണ്ട്. ആനയെ കൃത്യമായി കണ്ടെത്തി പിടികൂടാനുള്ള സംവിധാനം വനം വകുപ്പിന് ഇല്ല. നഷ്ടപരിഹാരം ലഭ്യമാക്കാൻ ഏകജാലക സംവിധാനം ഉണ്ടാക്കണം. അപകടമുണ്ടായിട്ട് ഇടപെടുന്ന സർക്കാരിനെ അല്ല, അപകടമുണ്ടാകാതെ നോക്കുന്ന സർക്കാരിനെയാണ് തങ്ങൾക്കിഷ്ടം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.