തലസ്ഥാനത്ത് നിന്നും കാണാതായ 3 വിദ്യാർത്ഥികളെയും കന്യാകുമാരിയിൽ നിന്ന് കണ്ടെത്തി

തലസ്ഥാനത്ത് നിന്നും ഇന്നലെ കാണാതായ വിദ്യാർത്ഥികളെ കണ്ടെത്തി. തിരുവനന്തപുരം വട്ടപ്പാറയിൽ നിന്നാണ് ഇന്നലെ 3 വിദ്യാർത്ഥികളെ കാണാതായത്. കന്യാകുമാരിയിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടന്ന പരിശോധനയാണ് ഇവരിലേക്ക് എത്തിയത്. മൂന്ന് പേരും വട്ടപ്പാറ എൽ എം എസ് സ്കൂൾ വിദ്യാർഥികളാണ്. സ്കൂളിൽ പോയ വിദ്യാർത്ഥികൾ രാത്രി വൈകിയും തിരിച്ചെത്താതെ വന്നതോടെയാണ് വട്ടപ്പാറ പൊലീസ് അന്വേഷണം തുടങ്ങിയത്.

മൂന്ന് വിദ്യാർത്ഥികളും സുരക്ഷിതരാണെന്ന് വട്ടപ്പാറ പൊലീസ് അറിയിച്ചു. കഴിഞ്ഞദിവസം സ്‌കൂളിൽ നടന്ന ചില സംഭവവുമായി ബന്ധപ്പെട്ട് രക്ഷിതാക്കളുമായി എത്താൻ കുട്ടികളോട് അധ്യാപകർ നിർദ്ദേശിച്ചിരുന്നു. ഇതോടെയാണ് കുട്ടികൾ വീടുവിട്ടിറങ്ങിയത്. യൂണിഫോമിന് പകരം ധരിക്കാനുള്ള കുപ്പായം ഉൾപ്പെടെ ഇവർ കയ്യിൽ കരുതിയിരുന്നു.

സ്‌കൂളിൽ നടന്ന ചില സംഭവവുമായി ബന്ധപ്പെട്ട് രക്ഷിതാക്കളുമായി എത്താൻ നിർദേശിച്ചതിനെതുടർന്നാണ് കുട്ടികൾ വീടുവിട്ടിറങ്ങിയത്