ആറ് വര്‍ഷം മുമ്പ് വിവാഹം, യൊഹാന്റെ വരവ്, ഇപ്പോള്‍ പുതിയ വിശേഷം പങ്കുവെച്ച് മിത്ര കുര്യന്‍

മലയാളികളുടെ പ്രിയ നടിയാണ് മിത്ര കുര്യന്‍. ബോഡിഗാര്‍ഡ് എന്ന ചിത്രത്തിലൂടെയാണ് നടി ശ്രദ്ധിക്കപ്പെടുന്നത്. പിന്നീടും ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങള്‍ നടി അഴതരിപ്പിച്ചു. വിവാഹത്തിന് ശേഷം അഭിനയ രംഗത്ത് നിന്നും മാറി നില്‍ക്കുകയായിരുപന്നു മിത്ര ഇപ്പോള്‍ വീണ്ടും അഭിനയ രംഗത്തേക്ക് തിരികെ എത്തുന്നുവെന്ന വിവരമാണ് പുറത്തെത്തുന്നത്. നടി തന്നെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് നടി തിരികെ എത്തുന്നത്. നേരത്തെ ചില പരിപാടികളില്‍ വിധികര്‍ത്താവായിട്ടൊക്കെ നടി മിനിസ്‌ക്രീനില്‍ എത്തിയിട്ടുണ്ട്. ‘അമ്മ മകള്‍’ എന്ന് പേരിട്ടിരിക്കുന്ന സീരിയലിലാണ് മിത്ര അഭിനയിക്കുന്നത്. സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യാനൊരുങ്ങുന്ന സീരിയലില്‍ സംഗീത എന്ന കഥാപാത്രത്തിലൂടെയാണ് മിത്ര തിരിച്ച് വരവിനൊരുങ്ങുന്നത്.

2015 ല്‍ സംഗീത സംവിധായകനായ വില്യം ഫ്രാന്‍സിസുമായിട്ടുള്ള വിവാഹം കഴിഞ്ഞതോട് കൂടിയാണ് മിത്ര അഭിനയ രംഗത്ത് നിന്നും പിന്മാറുന്നത്. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിന് ഒടുവില്‍ ആയിരുന്നു ഇരുവരും വിവാഹിതര്‍ ആയത്. താന്‍ മനപൂര്‍വ്വം അഭിനയ രംഗത്ത് നിന്നും പിന്മാറി നിന്നത് ആണെന്ന് നേരത്തെ ഒരു അഭിമുഖത്തില്‍ നടി സൂചിപ്പിച്ചിരുന്നു.

അഭിനയം ഒരു ജോലിയായി മാത്രമേ അന്നും ഇന്നും താന്‍ കണ്ടിട്ടുള്ളത്. വിവാഹത്തോടെ അതില്‍ നിന്നും ഒരു ഇടവേള എടുത്തു. അത്ര മാത്രമേ ഉള്ളു. കൂടുതലും കുടുബത്തിനൊപ്പം കഴിയാന്‍ വേണ്ടിയാണ് അത്തരമൊരു ബ്രേക്ക് എടുത്തത്. താനിനിയും അഭിനയിക്കുന്നതാണ് ഭര്‍ത്താവിനും ഇഷ്ടമെന്ന് മുന്‍പൊരു അഭിമുഖത്തില്‍ മിത്ര പറഞ്ഞിരുന്നു. ഇതിനിടെ നടി ഒരു ആണ്‍കുഞ്ഞിന് ജന്മം കൊടുത്തതോടെ മകന്റെ കാര്യങ്ങളൊക്കെ നോക്കി കഴിയുകയായിരുന്നു. നല്ലൊരു അവസരം വന്നപ്പോള്‍ വീണ്ടും അഭിനയിക്കാമെന്ന് തീരുമാനിക്കുകയാണിപ്പോള്‍.

സീരിയലില്‍ നിന്നും പുറത്ത് വന്ന പ്രൊമോ വീഡിയോയ്ക്ക് താഴെ മിത്രയെ കുറിച്ചുള്ള നൂറ് കണക്കിന് കമന്റുകളാണ് നിറയുന്നത്. അന്നും ഇന്നും നടിയ്ക്ക് ഒരു മാറ്റവും സംഭവിച്ചിട്ടില്ല. സന്തൂര്‍ മമ്മിയാണോ നിങ്ങളെന്ന് ചിലര്‍ തമാശരൂപേണ ചോദിക്കുന്നു. ശക്തമായൊരു സ്ത്രീകഥാപാത്രമായിരിക്കും അമ്മ മകള്‍ സീരിയലില്‍ ഉണ്ടാവുക എന്നാണ് അറിയുന്നത്.