ആഡംബര കപ്പലിലെ ലഹരിപാർട്ടി കേസിൽ നടി അനന്യ പാണ്ഡെയെ ഇന്നും ചോദ്യം ചെയ്യും

ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസിൽ നടി അനന്യ പാണ്ഡെയെ എൻസിബി ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇന്നലെ രണ്ട് മണിക്കൂറോളം നേരം അനന്യയെ ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം അനന്യയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ പോലീസ് അനന്യയുടെ ഫോണും ലാപ്‌ടോപ്പും പിടികൂടിയിരുന്നു. അനന്യയുടെ ഫോണും ലാപ്‌ടോപ്പും ശാസ്ത്രീയ പരിശോധനയ്‌ക്ക് വിധേയമാക്കാനാണ് എൻസിബിയുടെ തീരുമാനം.

ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെയും ഒപ്പം അറസ്റ്റിലായവരുടെയും മൊബൈലിലെ വാട്‌സ്ആപ്പ് ചാറ്റിൽ നിന്നാണ് അനന്യയുടെ പങ്കിനെക്കുറിച്ച് എൻസിബി ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയത്. ഇത് സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തുകയാണ് ചോദ്യം ചെയ്യലിന്റെ ലക്ഷ്യം.

ഒക്ടോബർ രണ്ടിനാണ് മുംബൈയിൽ ആഡംബര കപ്പലിൽ നടന്ന ലഹരി പാർട്ടിക്കിടെ എൻസിബി റെയ്ഡ് നടത്തിയതും ആര്യൻ ഖാൻ ഉൾപ്പെടെ പിടിയിലായതും. അനന്യയുടെ മൊബൈലിൽ നിന്നും ലാപ്‌ടോപ്പിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ ആര്യൻ ഖാനെതിരായ ശക്തമായ തെളിവുകളാകും.