ഗർഭിണിയായിരിക്കുമ്പോൾ തന്റെ കുഞ്ഞിനെ നശിപ്പിക്കാൻ രക്ഷാകർത്താക്കൾ ശ്രമിച്ചു; പാർട്ടിയുടെ സ്വാധീനത്തിൽ പോലീസും കേസെടുത്തില്ല; അനുപമ

ഗർഭിണിയായിരിക്കുമ്പോൾ തന്റെ കുഞ്ഞിനെ നശിപ്പിക്കാൻ രക്ഷാകർത്താക്കൾ ശ്രമിച്ചിരുന്നതായി എസ്.എഫ്.ഐ. മുൻ നേതാവ് അനുപമ എസ്. ചന്ദ്രൻ. അച്ഛനും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായ പി.എസ്.ജയചന്ദ്രനെതിരേയും ഗുരുതര ആരോപണമാണ് അനുപമ ഉന്നയിച്ചത്. വീട്ടുകാർക്ക് ഇഷ്ടമില്ലാത്ത ബന്ധത്തിലുണ്ടായ കുഞ്ഞിനെ എട്ടാംമാസത്തിൽ മലപ്പുറത്തും കായംകുളത്തുമുള്ള സ്വകാര്യ ആശുപത്രികളിൽ എത്തിച്ച് ഗർഭച്ഛിദ്രത്തിന് ശ്രമിച്ചുവെന്നും അനുപമ പറയുന്നു. ഒൻപതാം മാസം പോലും രക്ഷാകർത്താക്കൾ മർദ്ദിക്കുമായിരുന്നു. അച്ഛനും അമ്മയ്‌ക്കും ദുരഭിമാനമാണു വലുതെങ്കിൽ തനിക്ക്, നൊന്തുപെറ്റ മകനാണു വലുതെന്ന് അനുപമ പറയുന്നു.

ഗർഭച്ഛിദ്രം നടത്താൻ വീട്ടുകാർ പലവഴിയും നോക്കി. പല ആശുപത്രികളിലും താൻ ബഹളം വച്ചത് കൊണ്ട് മാത്രമാണ് ഗർഭച്ഛിദ്രം നടത്താൻ പറ്റാതെ വന്നത്. ഇതിനിടെ കൊറോണ ബാധിച്ച് മലപ്പുറത്തെ ആശുപത്രിയിൽ അഡ്മിറ്റായി. ചേച്ചിയുടെ വിവാഹം കഴിഞ്ഞശേഷം തന്നെയും കുഞ്ഞിനെയും അജിത്തിനൊപ്പം വിടാമെന്ന് അച്ഛനും അമ്മയും പറഞ്ഞപ്പോൾ അത് സമ്മതമാണെന്ന് പോലീസ് സാന്നിദ്ധ്യത്തിൽ എഴുതിക്കൊടുത്തു. എന്നാൽ അവിടെ നിന്ന് മറ്റൊരു ആശുപത്രിയിലെത്തിച്ച് ഗർഭച്ഛിദ്രം നടത്താൻ ശ്രമം നടന്നുവെന്നും അനുപമ പറയുന്നു.

പിന്നീടാണ് മുദ്രപ്പത്രത്തിൽ ഒപ്പു വയ്പ്പിച്ചത്. ചേച്ചിയുടെ വിവാഹ ആവശ്യത്തിന് സ്ഥലം വിൽക്കുന്നതിനുള്ള സമ്മതപത്രമാണെന്ന് തെറ്റിദ്ധരിപ്പിച്ചു. പ്രസവിക്കുന്ന കുഞ്ഞിനെ വേണ്ടെന്നും ശിശുക്ഷേമസമിതിയിൽ ഉപേക്ഷിക്കാൻ സമ്മതമാണെന്നുമാണ് അതിൽ എഴുതി വച്ചിരുന്നതെന്ന് വൈകിയാണ് മനസിലായത്. ഏപ്രിൽ മുതൽ കുഞ്ഞിനെ അന്വേഷിച്ചുള്ള പരാതിയുമായി ഡി.ജി.പി വരെയുള്ളവരെ സമീപിച്ചു. അച്ഛന്റെയും പാർട്ടിയുടെയും സ്വാധീനം മൂലം കേസ് രജിസ്റ്റർ ചെയ്തില്ല. പരാതിയുമായി സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനെയും, കോടിയേരി ബാലകൃഷ്ണനെയും, എ.വിജയരാഘവനെയും സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. പോലീസിൽ പരാതി നൽകി ആറുമാസത്തിനു ശേഷമാണ് എഫ്.ഐ.ആർ. ഇട്ടത്. എന്നാൽ, ദത്തു നൽകിയ കുട്ടിയുടെ വിശദാംശം നൽകില്ലെന്നാണ് ശിശുക്ഷേമ സമിതി പറയുന്നത്.

അതേസമയം കുഞ്ഞിനെ ശിശുക്ഷേമസമിതി ഏറ്റെടുത്തിട്ടുണ്ടെങ്കിൽ തിരികെ അനുപമയ്‌ക്ക് ലഭിക്കാൻ നിയമതടസ്സമില്ലെന്നാണ് വിലയിരുത്തൽ. ഏറ്റെടുത്ത കുഞ്ഞിനെ ദത്ത് നൽകുന്നതിൽ പാലിക്കേണ്ട ചില നടപടിക്രമങ്ങളുണ്ട്. നടപടിക്രമങ്ങൾ പാലിച്ചാണോ കുഞ്ഞിനെ ദത്ത് നൽകിയതെന്നും പോലീസ് അന്വേഷിക്കും.