പിഎഫ്‌ഐയെ നിരോധിച്ചാല്‍ വേറൊരു പേരില്‍ വീണ്ടുമെത്തും; നിരോധിക്കാതെ ആശയപരമായി നേരിടണമെന്ന് എംഎന്‍ കാരശ്ശേരി

പോപുലര്‍ ഫ്രണ്ടിനെ നിരോധിക്കുകയല്ല വേണ്ടതെന്ന് എഴുത്തുകാരനും പ്രഭാഷകനും സാമൂഹ്യ നിരീക്ഷകനുമായ എംഎന്‍ കാരശ്ശേരി. പോപുലര്‍ ഫ്രണ്ടിനെ നിരോധിക്കുകയല്ല വേണ്ടത്, ആശയപരമായി നേരിടണം. നിരോധിച്ച് കഴിഞ്ഞാല്‍ വേറൊരു പേരില്‍ ഈ പാര്‍ട്ടി വീണ്ടും മുളച്ചു പൊങ്ങും. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന പാര്‍ട്ടിയെയും അവരുടെ ആശയത്തെയും എതിര്‍ക്കുന്നയാളാണ് താനെന്നും ജനാധിപത്യത്തെ അപകടപ്പെടുത്തുന്ന പാര്‍ട്ടിയാണ് പോപുലര്‍ ഫ്രണ്ടെന്നും കാരശ്ശേരി പറയുന്നു.

അതിനുള്ള ഏറ്റവും പുതിയ ഉദാഹരണമാണ് ഇന്നലെ ഹര്‍ത്താലില്‍ നടന്ന അക്രമ സംഭവങ്ങള്‍. ഒരു സംഘടനയെ നിരോധിക്കുക എന്ന് പറയുന്നത് ജനാധിപത്യത്തിന് ചേര്‍ന്ന കാര്യമല്ല. നമുക്ക് അവരെ ആശയപരമായി നേരിടണം. നിരോധിച്ചത് കൊണ്ട് കാര്യമില്ല എന്ന് പറയാനും കാരണമുണ്ട്. 1948 ജനുവരി 30 ഗാന്ധിജിയെ ഗോഡ്‌സേ വെടിവെച്ചു കൊന്നു. ഫെബ്രുവരി നാലാം തീയതി ആര്‍എസ്എസിനെ നിരോധിച്ചു. പിന്നെ അടിയന്തരാവസ്ഥ കാലത്ത് നിരോധിച്ചു. അതു കൊണ്ടൊന്നും ഒരു കാര്യവുമുണ്ടായില്ല. പിന്നീട് 2001ല്‍ സിമി നിരോധിച്ചു. 2006 ല്‍ വീണ്ടും നിരോധിച്ചു. ആ സിമിയാണ് ഇന്ന് പോപുലര്‍ ഫ്രണ്ട് എന്ന പേരില്‍ വന്നത്.

പോപുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്നത് ജനാധിപത്യ വഴിയല്ല, ഏകാധിപത്യ വഴിയാണ്. ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ചത് കൊണ്ടൊന്നും ഒരു കാര്യവുമുണ്ടായിട്ടില്ലെന്നും എംഎന്‍ കാരശ്ശേരി പറഞ്ഞു.