ഒക്ടോബര്‍ 27, 28 തിയതികളില്‍ മോദി സൗദി സന്ദര്‍ശിക്കും

ജിദ്ദ: ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തമാസം സഊദി അറേബ്യ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ട്. സന്ദര്‍ശന വിവരം സഊദി അറേബ്യയിലെ ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ സ്ഥരീകരിച്ചിട്ടുണ്ട്.

ഒക്ടോബര്‍ 27, 28 തീയതികളിലായിരിക്കും പ്രധാനമന്ത്രിയുടെ സന്ദര്‍ശനമെന്നാണ് കരുതുന്നത്. റിയാദിലെ എക്‌സിബിഷന്‍ സെന്ററില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുന്നതടക്കം വിപുലമായ പരിപാടികളാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച്‌ ഒരുങ്ങുന്നത്.

ഇന്ത്യ, സൗദി സൗഹൃദം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗം കൂടിയാണ് സന്ദര്‍ശനം. നിരവധി വ്യാപാര കരാറുകള്‍ ഇതിനകം ഒപ്പുവെച്ചിട്ടുണ്ട്. പുതിയ വ്യാപാര കരാറുകളില്‍ ഇന്ത്യയും സൗദിയും ഒപ്പുവെക്കും.

2016ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സഊദി അറേബ്യ സന്ദര്‍ശിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മില്‍ വിവിധ രംഗങ്ങളില്‍ നിരവധി കരാറുകളില്‍ ഒപ്പുവച്ചിട്ടുണ്ട്. ഈ വര്‍ഷവും പുതിയ കരാറുകളിലും ഇന്ത്യയും സഊദിയും ഒപ്പുവച്ചേക്കും.