ഫ്‌ളാറ്റുടമകള്‍ക്ക് വീണ്ടും തിരിച്ചടി: നഗരസഭാ നോട്ടിസ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി

കൊച്ചി: വിധി നടപ്പാക്കാത്ത സംസ്ഥാന സര്‍ക്കാരിനും ചീഫ് സെക്രട്ടറിക്കും എതിരെ സുപ്രിംകോടതിയുടെ രൂക്ഷ വിമര്‍ശനത്തിനു പിന്നാലെ മരടിലെ ഫ്‌ളാറ്റ് ഉടമകള്‍ക്ക് വീണ്ടും തിരിച്ചടി. ഫ്‌ളാറ്റുകള്‍ ഒഴിയണമെന്ന നഗരസഭാ നോട്ടിസ് ചോദ്യം ചെയ്ത് രണ്ട് ഫ്‌ളാറ്റുടമകള്‍ സമര്‍പ്പിച്ച ഹരജിയാണ് ഹൈക്കോടതി തള്ളിയത്. ഫ്‌ളാറ്റ് പൊളിയ്ക്കുന്നതുമായി ബന്ധപ്പെട്ട ഒരു ഹരജിയും രാജ്യത്തെ മറ്റൊരു കോടതിയും പരിഗണിക്കരുതെന്ന് സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. അത് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹരജി തള്ളിയത്.

നിയമ ലംഘനം നടത്തുന്നവര്‍ക്കുള്ള ശക്തമായ മുന്നറിയിപ്പാണ് മരട് വിധി എന്ന് ഹൈക്കോടതി വ്യക്തമാക്കി. സുപ്രിം കോടതി ഉത്തരവിനെ കുറിച്ച്‌ അറിവില്ലേ എന്നും ഹൈക്കോടതി ഹരജിക്കാരോട് ആരാഞ്ഞു. കുടിയൊഴിപ്പിക്കലിനെതിരെ നിങ്ങള്‍ എത്രയും പെട്ടെന്ന് സുപ്രിം കാടതിയെ സമീപിക്കൂ എന്നും കോടതി ഹരജിക്കാരോട് പറഞ്ഞു. നഷ്ടപരിഹാരം ആവശ്യമെങ്കില്‍ ഫ്‌ളാറ്റ് ഉടമകള്‍ക്ക് നിര്‍മാതാക്കളെ സമീപിക്കാമെന്ന് സുപ്രിം കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം ഇതേ ഹരജി പരിഗണിച്ച കോടതി സുപ്രിംകോടതി ഉത്തരവ് നടപ്പാക്കാന്‍ ബാധ്യതയുണ്ടെന്ന് ഹരജിക്കാരനെ അറിയിച്ചിരുന്നു. ഹരജി പരിഗണിക്കവെ നഗരസഭാ നടപടികള്‍ക്കെതിരെയും ഹൈക്കോടതി രൂക്ഷ പരാമര്‍ശം ആണ് നടത്തിയത്. ഫ്‌ളാറ്റ് ഒഴിപ്പിക്കുന്നതില്‍ മരട് നഗരസഭയുടെ നിലപാട് വ്യക്തമാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു.

സുപ്രിംകോടതി ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാരിന് യാതൊരു മനസും ഇല്ലെന്ന് വിമര്‍ശിച്ച സുപ്രിംകോടതി വിധി നടപ്പാക്കാന്‍ എത്ര ദിവസം വേണമെന്നാണ് ചീഫ് സെക്രട്ടറിയോട് ചോദിച്ചിരുന്നു.