നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്ന് അമിത് ഷാ

ന്യൂഡൽഹി: നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വ്യക്തിപ്രഭാവത്തോടെയുള്ള മോദിയുടെ നേതൃത്വവും ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയുടെ സംഘടനാപാടവും ബിജെപിയെ വീണ്ടും വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തിക്കുമെന്ന് അമിത് ഷാ പറഞ്ഞു.

ബിജെപി താഴെതട്ട് മുതൽ ദേശീയതലം വരെ ഭാരവാഹികളെ തിരഞ്ഞെടുപ്പിലൂടെ കണ്ടെത്തുന്ന പാർട്ടിയാണ്. നദ്ദയുടെ നേതൃത്വത്തിൽ സംഘടനാ ബൂത്തുതലം മുതൽ കേന്ദ്രത്തലം വരെ സുസജ്ജമാണെന്നും അമിത് ഷാ ഉറപ്പിച്ചു പറഞ്ഞു. ഒൻപത് സംസ്ഥാനങ്ങളിൽ 2023-ൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളും അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പും നദ്ദയുടെ നേതൃത്വത്തിലാകും ബിജെപി നേരിടുക.

ബിഹാറിൽ വൻ തോതിൽ ബിജെപി വോട്ടുകൾ നേടിയത് നദ്ദയുടെ നേതൃത്വത്തിലാണ്. മഹാരാഷ്‌ട്രയിൽ വീണ്ടും ഭരണത്തിലെത്തി . ഗുജറാത്തിൽ റെക്കോഡ് ഭൂരിപക്ഷം നേടാനുമായി. ഹരിയാന, ഉത്തർപ്രദേശ്, ഉത്തരാറഖണ്ഡ്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഭരണം പിടിക്കാൻ കഴിഞ്ഞതും നദ്ദയുടെ നേതൃത്വത്തിന് കീഴിലാണെന്നും അദ്ദേഹം പറഞ്ഞു.