പ്രസവത്തെത്തുടര്‍ന്ന് ഇരട്ടക്കുട്ടികള്‍ മരിച്ചു ; വിവാദങ്ങൾ ഒഴിയാതെ ആലപ്പുഴ മെഡി.കോളജ്

ആലപ്പുഴ : ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രസവത്തെത്തുടര്‍ന്ന് ഇരട്ടക്കുട്ടികള്‍ മരിച്ചു.
ഹരിപ്പാട് മഹാദേവികാട് സ്വദേശികളായ ദമ്പതികളുടെ ഇരട്ടക്കുട്ടികളാണ് മരിച്ചത്. അമ്മയുടെ ആരോഗ്യനില തൃപ്തികരമാണ്. മരണത്തെക്കുറിച്ച് ഇതുവരെ പരാതി നല്‍കിയിട്ടില്ല. മെഡി.കോളജ് സൂപ്രണ്ട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. മുൻപും പലതവണ പ്രവാസത്തെ തുടർന്ന് അമ്മയും കുഞ്ഞും മരണപ്പെട്ട സംഭവം ആലപ്പുഴ മെഡിക്കല്‍ കോളജിൽ ഉണ്ടായിട്ടുണ്ട്.

അടുത്തിടെയായി ആലപ്പുഴ മെഡിക്കല്‍ കോളജ് വാർത്തകളിൽ ഇടം പിടിക്കുന്നത് പതിവായിട്ടുണ്ട്. ഒരാഴ്ച്ച മുൻപാണ് ‍സ്വകാര്യ പ്രാക്ടീസ് ഉൾപ്പെടെ പല പിഴവുകളും കണ്ടെത്തിയതിനു പിന്നാലെ മെഡിക്കൽ കോളജിൽ 6 സീനിയർ ഡോക്ടർമാരെ സ്ഥലം മാറ്റിയത്. ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി അസിസ്റ്റന്റ് പ്രഫസർ ഡോ. തങ്കു തോമസ് കോശിക്ക് ഇടുക്കി, പൾമനറി മെഡിസിൻ വിഭാഗം പ്രഫസർ ഡോ. പി.വേണുഗോപാലിന് കോട്ടയം,

ഇഎൻടി പ്രഫസർ ഡോ. ഹെർമൻ ഗിൽഡ് എം.ജോണിന് മഞ്ചേരി, ജനറൽ സർജറി അസോഷ്യേറ്റ് പ്രഫസർമാരായ ഡോ. ആർ.വി.രാംലാലിനും ഡോ. വൈ.ഷാജഹാനും കോഴിക്കോട്, ഓർത്തോ വിഭാഗം പ്രഫസർ ഡോ. മുഹമ്മദ് അഷ്‌റഫിന് കണ്ണൂർ എന്നീ മെഡിക്കൽ കോളജുകളിലേക്കായിരുന്നു സ്ഥലം മാറ്റം.