കോലീബി സഖ്യം പരസ്യമാണ്,രഹസ്യമല്ല, രാജഗോപാലിന്റെ ആരോപണങ്ങളെ ശരിവെച്ച് എംടി രമേശ്‌

കോഴിക്കോട്: കോലിബീ സഖ്യം വടക്കന്‍ കേരളത്തിലായിരുന്നു കൂടുതലെന്ന് രാജഗോപാല്‍ പറഞ്ഞിരുന്നു. ഇതെല്ലാം സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കുന്ന ചില ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബിജെപിയുടെ മുതിര്‍ന്ന നേതാവ് ഒ രാജഗോപാല്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

കേരളത്തില്‍ കോണ്‍ഗ്രസും ലീഗും ബിജെപിയും തമ്മില്‍ അവിശുദ്ധ സഖ്യമുണ്ടായിട്ടുണ്ടെന്നാണ് രാജഗോപാല്‍ പറഞ്ഞത്. രാജപോഗാലിന്റെ വെളിപ്പെടുത്തല്‍ പുറത്തുവന്നതിന് പിന്നാലെ കേരള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. ഇതെല്ലാം പ്രാദേശിക സഖ്യങ്ങളായിരുന്നു. കോലീബി സഖ്യം മൂലം ബിജെപിക്ക് വോട്ട് വര്‍ധിപ്പിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും രാജഗോപാല്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ രാജഗോപാലിന്റെ ആരോപണത്തെ പിന്തുണച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവ് എംടി രമേശ്.

അതേസമയം, ഒറ്റപ്പാലം, മഞ്ചേശ്വരം തുടങ്ങിയ സ്ഥലങ്ങളില്‍ കൊലീബി സഖ്യം കൊണ്ട് ബിജെപിക്ക് ഗുണമുണ്ടായെന്നാണ് രാജഗോപാല്‍ പറഞ്ഞത്. ഇത്തരത്തില്‍ സഖ്യത്തില്‍ തെറ്റില്ലെന്ന വാദമാണ് രാജഗോപാല്‍ ഉന്നയിച്ചിരിക്കുന്നത്. പൊതുശത്രുവിനെ തോല്‍പ്പിക്കാനുള്ള അഡ്ജെസ്റ്റ്മെന്റുകളില്‍ യാതൊരു തെറ്റുമില്ലെന്നും പ്രായോഗിക രാഷ്ട്രീയത്തില്‍ ഇത്തരം ധാരണകളൊക്കെ വേണ്ടി വരുമെന്നും രാജഗോപാല്‍ പറഞ്ഞിരുന്നു.

എന്നാല്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഒരിക്കലും ഇത്തരം സഖ്യങ്ങളിലൂടെ നിങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടാന്‍ പാടില്ല. മറ്റൊരു പാര്‍ട്ടിയുടെ കൊള്ളരുതായ്മയക്ക് കൂട്ടുനില്‍ക്കാന്‍ പാടില്ല. അത്തരമൊരു കാര്യത്തിന് വേണ്ടിയാവരുത് സഖ്യം. ബിജെപിയും സിപിഎമ്മില്‍ തമ്മില്‍ ഡീലുണ്ടെന്ന ആര്‍ ബാലശങ്കറിന്റെ വാദം അസംബന്ധമാണെന്നും രാജഗോപാല്‍ പറഞ്ഞുരുന്നു, ആരോ പറയുന്നത് ബാലശങ്കര്‍ ഏറ്റുപറയുകയാണെന്നും രാജഗോപാല്‍ വ്യക്തമാക്കി

കൊലീബി സഖ്യം എന്ന രഹസ്യമായ സഖ്യമില്ല, പരസ്യമായി മത്സരിച്ചതാണ്. വടകരയിലും ബേപ്പൂരിലും പരാജയപ്പെട്ട മോഡലാണ് കോണ്‍ഗ്രസ്-ലീഗ്- ബിജെപി എന്ന കൊലീബി സഖ്യം. എന്നാല്‍ ഇപ്പോള്‍ ഇതിന് പ്രസക്തിയില്ലെന്നും എംടി രമേശ് പറയുന്നു. ബിജെപി നേതാക്കള്‍ ഇക്കാര്യം പരസ്യമായി സമ്മതിച്ചതോടെ വീണ്ടും പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുങ്ങുമെന്ന കാര്യത്തില്‍ സംശയമില്ല.