മുക്തയ്ക്കു പിന്നാലെ മകള്‍ കണ്‍മണിയും അഭിനയത്തിലേക്ക്

അമ്മയുടെ വഴിയെ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് നടി മുക്തയുടെ മകള്‍ കണ്‍മണി എന്ന കിയാര. സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്തും പ്രധാന കഥാപാത്രങ്ങളായ, എം.പത്മകുമാര്‍ സംവിധാനം ചെയ്ത ‘ പത്താം വളവ്’ എന്ന ചിത്രത്തിലൂടെയാണ് കണ്‍മണിയുടെ അരങ്ങേറ്റം. ചിത്രം മികച്ച പ്രതികരണം നേടി തിയേറ്ററുകളില്‍ മുന്നേറുകയാണ്.

ഒരിടവേളയ്ക്കുശേഷം മുക്തയും അഭിനയത്തില്‍ സജീവമായിരിക്കുകയാണ്. മലയാളത്തിലും തമിഴിലുമായി ഏതാനും സീരിയലുകളില്‍ മുക്ത അഭിനയിച്ചിരിക്കുന്നു. ലാല്‍ ജോസ് സംവിധാനം ചെയ്ത് 2006-ല്‍ പുറത്തിറങ്ങിയ ‘അച്ഛനുറങ്ങാത്ത വീട്’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് മുക്ത ജോര്‍ജ്.

പിന്നീട് താമരഭരണി എന്ന തമിഴ് ചിത്രത്തിലഭിനയിച്ചു. ‘ഗോള്‍’, ‘നസ്രാണി’, ‘ഹെയ്‌ലസാ’, ‘കാഞ്ചീപുരത്തെ കല്യാണം’ തുടങ്ങി നിരവധി ചിത്രങ്ങളില്‍ മുക്ത അഭിനയിച്ചു. കുഞ്ചാക്കോ ബോബനും റിമ കല്ലിങ്കലും മുഖ്യ വേഷങ്ങളിലെത്തിയ സ്പൂഫ് ചിത്രം ചിറകൊടിഞ്ഞ കിനാക്കള്‍ ആണ് മുക്തയുടേയായി അവസാനം തിയേറ്ററില്‍ എത്തിയ സിനിമ.