തുടര്‍ച്ചയായി ആറും ഏഴും മണിക്കൂര്‍ ബ്രഷ് കടിച്ചു പിടിച്ചു വരച്ച ചിത്രങ്ങള്‍, ജോയലിന് പിറന്നാള്‍ ആശംസകളുമായി നന്ദു മഹാദേവ

കാന്‍സറിനോട് പോരാടുന്ന വ്യക്തിയാണ് നന്ദു മഹാദേവ. തന്റെ ശരീരത്തിന്റെ പല ഭാഗങ്ങളും കാന്‍സര്‍ പിടിപെട്ടിട്ടും ഒരു കാല്‍ വരെ നഷ്ടമായിട്ടും ജീവിതത്തെ ചെറു പുഞ്ചിരിയോടെ നേരിടുന്ന വ്യക്തിയാണ് അദ്ദേഹം. സമയം കിട്ടുമ്പോഴെല്ലാം നന്ദു സോഷ്യല്‍ മീഡിയകളില്‍ എത്താറുണ്ട്. ഇപ്പോള്‍ ശരീരം തളര്‍ന്നിട്ടും വായില്‍ ബ്രഷ് കടിച്ചുപിടിച്ച് നിരവധി ചിത്രങ്ങള്‍ വരയ്ക്കുന്ന ജോയലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നന്ദു പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

നന്ദു മഹാദേവയുടെ കുറിപ്പ് ഇങ്ങനെ, ജോയലിന്റെ പിറന്നാളാണ്.. ശരീരം തളര്‍ന്നു പോയിട്ടും വായില്‍ കടിച്ചുപിടിച്ച ബ്രഷുമായി നൂറുകണക്കിന്ചിത്രങ്ങള്‍ വരച്ചു ലോകത്തെ വിസ്മയിപ്പിക്കുന്ന അത്ഭുത മനുഷ്യന്‍… ഒന്നാലോചിച്ചു നോക്കൂ..അഞ്ച് മിനിറ്റില്‍ കൂടുതല്‍ ഒരു വസ്തു തുടര്‍ച്ചയായി കടിച്ചുപിടിച്ചാല്‍ നമുക്ക് എന്തൊരു അസ്വസ്ഥതയാണ്. ആ സ്ഥാനത്താണ് തുടര്‍ച്ചയായി ആറും ഏഴും മണിക്കൂര്‍ ബ്രഷ് കടിച്ചു പിടിച്ചു വരച്ച് ഓരോ ചിത്രങ്ങളും ജോയല്‍ പൂര്‍ത്തിയാക്കുന്നത്..

തല ഒഴികെ ശരീരത്തിലെ മറ്റുള്ള അവയവങ്ങളുടെയൊക്കെ ചലനശേഷി പൂര്‍ണമായും നഷ്ടമായിട്ടും അപാരമായ ഇച്ഛാശക്തിയോടെ ഇത്രയധികം ചിത്രങ്ങള്‍ വരച്ചു നമ്മളെ അത്ഭുതസ്തബ്ധരാക്കുന്ന ജോയലിന് പിറന്നാളാശംസകളും പിന്തുണയും അറിയിച്ചില്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് ആശംസകള്‍ അറിയിക്കുക.. മലയാളക്കരയുടെ അഭിമാനമായ മുത്തിന് കയ്യടി നല്‍കിയില്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് കയ്യടി നല്‍കുക.. കേരള ഗവണ്മെന്റ് നല്‍കുന്ന ഉജ്വല ബാല്യം പുരസ്‌കാരം ഉള്‍പ്പെടെ അനവധി നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ജോയല്‍ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മൗത്ത് പെയിന്റിങ്ങ് ആര്‍ട്ടിസ്റ്റ് ആണ്..

ജോയലിന്റെ മുന്നോട്ടുള്ള ഓരോ നേട്ടങ്ങളിലും പരിപൂര്‍ണ്ണ പിന്തുണയോടെ നാമോരോരുത്തരും ഒപ്പമുണ്ടാകണം. പ്രോത്സാഹനമാണ് ഒരു കലാകാരന്‍ ആഗ്രഹിക്കുന്ന ഏറ്റവും വലിയ സമ്മാനം.. എന്തിനും ഒപ്പമുള്ള അമ്മയുടെയും അച്ഛന്റെയും അപാരമായ പിന്തുണയാണ് അവന്റെ ഊര്‍ജ്ജം. അതുപോലെ തന്നെ അവനിലെ കലാകാരനെ തിരിച്ചറിഞ്ഞു അവനെ ഇങ്ങനെ വരയ്ക്കുവാന്‍ പഠിപ്പിച്ച് ജോയലിനെ ഈ സമൂഹത്തിന് നല്‍കിയ ചന്ദ്രിക ടീച്ചറുടെ മനസ്സിലെ നന്മ ഈ അവസരത്തില്‍ പറയാതെ വയ്യ…

ജോയലിന്റെ ഓരോ വിജയങ്ങള്‍ക്ക് പിന്നിലും ഒരു മനുഷ്യന്‍ കൂടിയുണ്ട്..പ്രിയപ്പെട്ട സുഖദേവ് ചേട്ടന്‍…രണ്ടുപേര്‍ക്കും സ്‌നേഹാദരവ്.. ജോയലിന് ഹൃദയം നിറഞ്ഞ പിറന്നാളാശംസകള്‍ നേരുന്നതിനോടൊപ്പം നൂറുകണക്കിന് മനുഷ്യര്‍ക്ക് ആത്മവിശ്വാസവും ഊര്‍ജ്ജവും നല്‍കുന്ന ആ മനസ്സിന്റെ ഇച്ഛാശക്തിയ്ക്ക് മുന്നില്‍ ഞങ്ങള്‍ ഓരോരുത്തരുടെയും ആദരവും സ്‌നേഹവും ഒക്കെ അറിയിക്കുന്നു…