ആശുപത്രിയില്‍ ഞാന്‍ പോയിട്ടുണ്ട്, പക്ഷേ അച്ഛനും അമ്മയ്ക്കുമാണ് ചികിത്സ വേണ്ടതെന്ന് ഡോക്ടര്‍ പറഞ്ഞു: നീനു

കോട്ടയം: കെവിനെ ക്രൂരമായി കൊന്ന തന്റെ കുടുംബത്തിലേയ്ക്ക് ഇനി പോകില്ലെന്ന് നീനു. ചെറുപ്പം മുതലേ വീട്ടില്‍നിന്നും ക്രൂര പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. എനിക്ക് മാനസിക പ്രശ്‌നമുണ്ടെന്ന് വരുത്തിത്തീര്‍ക്കാനുളള അച്!ഛന്റെ ശ്രമത്തിനു പിന്നില്‍ ഗൂഢ ലക്ഷ്യമുണ്ട്. മാതാപിതാക്കള്‍ക്കൊപ്പം ഒരിക്കലും പോകില്ലെന്നും അവരുട സംരക്ഷണം വേണ്ടെന്നും നീനു മാധ്യമങ്ങളോട് പറഞ്ഞു.

മാനസിക രോഗത്തിന് ഞാന്‍ ചികില്‍സ എടുത്തിട്ടില്ല. അനന്തപുരി ഹോസ്പിറ്റലില്‍ ഒരു തവണ കൗണ്‍സിലിങ്ങിന് കൊണ്ടുപോയിരുന്നു. വീട്ടില്‍നിന്നും ശാരീരികമായും മാനസികമായും പീഡനങ്ങള്‍ അനുഭവിച്ചിട്ടുണ്ട്. അഞ്ചാം ക്ലാസ് മുതല്‍ 10 വരെ വീട്ടില്‍നിന്നാണ് പഠിച്ചത്. ആ സമയത്തൊക്കെ ചെറിയ കാര്യത്തിനുപോലും അടിക്കുമായിരുന്നു. കമ്പു കൊണ്ടല്ല. കൈകൊണ്ടാണ് മര്‍ദനം. കൈയ്യില്‍ കിട്ടുന്നതെന്താണോ അതുപയോഗിച്ചാണ് അച്ഛന്‍ അടിക്കുക. അടി വയറ്റില്‍ ചവിട്ടും. ആ സമയത്താണ് അനന്തപുരി ഹോസ്പിറ്റലില്‍ കൗണ്‍സിലിങ്ങിന് കൊണ്ടുപോയത്. അന്ന് കൗണ്‍സിലിങ് ചെയ്ത ഡോക്ടര്‍ പറഞ്ഞത് എനിക്കല്ല മാതാപിതാക്കള്‍ക്കാണ് ചികിത്സ വേണ്ടതെന്നാണ് നീനു പറഞ്ഞു. അമ്മയറിയാതെ ഒന്നും സംഭവിക്കില്ല. അച്ഛന്‍ എല്ലാ കാര്യങ്ങളും അമ്മയോട് പറയാറുണ്ട്. കെവിനെ തട്ടിക്കൊണ്ടു പോകുന്ന വിവരവും അമ്മയോട് ഉറപ്പായും പറഞ്ഞിട്ടുണ്ടാവും.

കെവിന്‍ ചേട്ടനും ഞാനും പ്രായപൂര്‍ത്തിയായതാണ്. സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹിതരാവാന്‍ തീരുമാനിച്ചത്. കെവിനോട് എല്ലാ കാര്യങ്ങളും പറയുമായിരുന്നു. പ്രണയം തുടങ്ങിയശേഷം എല്ലാ കാര്യംങ്ങളും പങ്കുവച്ചിരുന്നത് കെവിനോടായിരുന്നു. കെവിന്റെ വീട്ടില്‍ തന്നെ നില്‍ക്കണമെന്നാണ് ആഗ്രഹം. ഇവിടെനിന്ന് ഡിഗ്രി പഠനം പൂര്‍ത്തിയാക്കണം. മാതാപിതാക്കളോടൊപ്പം പോകാന്‍ താല്‍പര്യമില്ല. അവര്‍ ഒരുക്കുന്ന സംരക്ഷണവും വേണ്ട. കെവിനുമായുളള ബന്ധത്തില്‍ താല്‍പര്യമില്ലെങ്കില്‍ അവര്‍ക്ക് കെവിനോട് പറയാമായിരുന്നു. അല്ലാതെ ഒരു ജീവനെടുക്കേണ്ടതില്ലായിരുന്നു