എൻഐഎ ഖലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നുവിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി

ന്യൂഡല്‍ഹി. എന്‍ഐഎ ഖലിസ്ഥാന്‍ ഭീകരന്‍ ഗുര്‍പത്വന്ത് സിംഗ് പന്നുവിന്റെ പഞ്ചാബ്, അമൃത്സര്‍, ചണ്ഡീഗഡ് എന്നിവിടങ്ങളിലെ സ്വത്തുക്കള്‍ കണ്ടുകെട്ടി. മോഹാലി എന്‍ഐഎ കോടതിയുടെതാണ് നടപടി. അമൃത്സര്‍ ജില്ലയിലെ ഖാന്‍കോട്ടിലെ കാര്‍ഷിക ഭൂമിയും ചണ്ഡിഗഢിലെ വീടും സ്ഥലവുമാണ് കണ്ടുകെട്ടിയത്. വസ്തുവില്‍ പന്നുവിന് അധികാരമില്ലെന്നും ഇത് സര്‍ക്കാര്‍ സ്വത്താണെന്നും എന്‍ഐഎ ബോര്‍ഡ് സ്ഥാപിച്ചു.

പന്നുവിനെ 2020ല്‍ മോഹാലിയില്‍ രജിസ്ട്രര്‍ ചെയ്ത കേസിലാണ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. ഉത്തരവ് അനുസരിച്ച് വീടിന്റെ നാലിലൊന്ന് നേരത്തെ കണ്ടുകെട്ടിയിരുന്നു. ഇതോടൊപ്പം അമൃത്സറിലെ ഖാന്‍കോട്ട് ഗ്രാമത്തിലെ പന്നുവിന്റെ കൃഷി ഭൂമിയും കണ്ടുകെട്ടിയിരുന്നു. ഖലിസ്ഥാനി ഭീകരന്‍ പന്നുവിന്റെ പ്രസംഗം വിദ്വേഷ കുറ്റകൃത്യമായി രജിസ്റ്റര്‍ ചെയ്യണമെന്ന് കനേഡിയന്‍ ഹിന്ദുക്കള്‍ ട്രൂഡോ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

പന്നു നിലവില്‍ അമേരിക്കയിലാണ്. ഇന്ത്യയ്‌ക്കെതിരെ നിരവധി വിഡിയോകള്‍ ഇയാള്‍ പുറത്തു വിട്ടിരുന്നു കാനഡയിലെ ഹിന്ദുക്കള്‍ രാജ്യം വിടണമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇയാള്‍ ഐഎസ്‌ഐയുടെ സഹായത്തോടെ സിഖ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടന രൂപികരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.