നിപ്പ രണ്ടാം ഘട്ടം; ആശങ്കയല്ല ജാഗ്രതയാണ് വേണ്ടതെന്ന് ആരോഗ്യമന്ത്രി; ജൂണ്‍ 16 വരെയുള്ള പി.എസ്.സി പരീക്ഷകള്‍ മാറ്റിവെച്ചു

നിപ്പ രണ്ടാം ഘട്ടത്തില്‍ ആശങ്കയല്ല ജാഗ്രതയാണ് വേണ്ടതെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. നിപ്പ വൈറസ് ബാധയുടെ ഒന്നാം ഘട്ടം നല്ലരീതിയില്‍ തന്നെ ആരോഗ്യവകുപ്പ് നേരിട്ടതുകൊണ്ടാണ് ആളുകള്‍ മരിക്കുന്ന അവസ്ഥയും രോഗവ്യാപനവും കുറയ്ക്കാന്‍ സാധിച്ചതെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.

രണ്ടാമത്തെ മരണത്തോടുകൂടി തന്നെ നിപ്പ വൈറസ് ബാധ സ്ഥിരീകരിക്കാന്‍ കഴിഞ്ഞതിനാല്‍ വലിയ രീതിയില്‍ മുന്‍കരുതലെടുക്കാന്‍ കഴിഞ്ഞു. അതുവഴി രോഗം ഒരുപാടുപേരിലേക്ക് പകരാനും മരണം കൂടാനുമുള്ള സാഹചര്യം ഒഴിവാക്കാന്‍ സാധിച്ചുവെന്നും മന്ത്രി പറഞ്ഞു. തിരവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

രണ്ടാമത്തെ ഘട്ടത്തില്‍ രോഗം എത്രത്തോളം വ്യാപിക്കും എന്ന് കണ്ടെത്തേണ്ടിയിരിക്കുന്നുവെന്ന് മന്ത്രി വിശദീകരിച്ചു. അതിനാല്‍ നിപ്പയെ പ്രതിരോധിക്കാനായി ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനങ്ങള്‍ അതേപടി തുടരാന്‍ തീരുമാനിച്ചിട്ടുണ്ട്. പുതിയ നിപ്പ ബാധ സ്ഥിരീകരിച്ചതിനാല്‍ ഇവരുമായി ബന്ധപ്പെട്ടവരെ തിരിച്ചറിയേണ്ടിയിരിക്കുന്നു. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

എന്നാല്‍ ഇക്കാര്യത്തില്‍ ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്നും ഏതെങ്കിലും തരത്തില്‍ ഇവരുമായി ബന്ധപ്പെട്ടിട്ടുള്ളവര്‍ തീര്‍ച്ചയായും ശ്രദ്ധിക്കുക തന്നെ വേണമെന്നും മന്ത്രി അറിയിച്ചു. ഇത്തരത്തില്‍ സംശയമുള്ളവര്‍ അക്കാര്യം ആരോഗ്യവകുപ്പ് അധികൃതറെ അറിയിക്കുകയും വേണം. അത് അവരുടെയും മറ്റുള്ളവരുടെയും ജീവന്‍ രക്ഷിക്കുന്നതിന് വേണ്ടിയാണ് അങ്ങനെ ചെയ്തതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ മെഡിക്കല്‍ കോളേജില്‍ വന്ന് അഡ്മിറ്റാകണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.