പതിനെട്ടുകാരനും പത്തൊമ്പതുകാരിക്കും ഒരുമിച്ച് ജീവിക്കാം; നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി

കൊച്ചി: 18കാരനും 19കാരിക്കും ഒരുമിച്ച്‌ ജീവിക്കാന്‍ അനുമതി നല്‍കി ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്. മകളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പിതാവ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്.

തന്റെ മകളെ കാണാനില്ലെന്ന് കാട്ടി ആലപ്പുഴ സ്വദേശി സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേട്ട കോടതി നിര്‍ണായക നിരീക്ഷണങ്ങളാണ് നടത്തിയത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായെന്നും പ്രായപൂര്‍ത്തിയായവരുടെ തീരുമാനങ്ങളില്‍ വൈകാരികമായി ഇടപെടാനാവില്ലെന്നും ജസ്‌റ്റിസ് ചിദംബരേഷ് അദ്ധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

നിയമ പരിരക്ഷയുള്ളപ്പോള്‍ കോടതിക്ക് സൂപ്പര്‍ ഗാര്‍ഡിയന്‍ ആകാനാവില്ല. ഉഭയ സമ്മത പ്രകാരം നിരവധി പേര്‍ ഒരുമിച്ച്‌ ജീവിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ എങ്ങനെയാണ് ഇവരെ ഒരുമിച്ച്‌ ജീവിക്കുന്നതില്‍ നിന്നും തടയുന്നതെന്ന് കോടതി ചോദിച്ചു. യുവാവിന് വിവാഹ പ്രായമെത്തുമ്പോള്‍ നിയമപ്രകാരം വിവാഹം കഴിക്കാവുന്നതാണെന്നും കോടതി നിര്‍ദ്ദേശിച്ചു.