ഇനി മദ്യം വിളമ്പണ്ട ; മെഡിക്കൽ സമ്മേളനങ്ങളിൽ മദ്യം വിലക്കണമെന്ന് ആവശ്യം

തിരുവനന്തപുരം : മെഡിക്കൽ സമ്മേളനങ്ങളിൽ മദ്യം വിളമ്പുന്നതിന് വിലക്കണമെന്ന് ആവശ്യം . ശിൽപശാലകളിലും സെമിനാറുകളിലും മദ്യത്തിന്റെ ഉപയോഗത്തിൽ നിയന്ത്രണമുണ്ടാകും. ഹെൽത്ത് സർവീസസ് ഡയറക്ടർ ജനറൽ പ്രൊഫ. അതുൽ ഗോയൽ ഇക്കാര്യമാവശ്യപ്പെട്ട് രാജ്യത്തെ എല്ലാ മെഡിക്കൽ അസോസിയേഷനുകൾക്കും കത്തയച്ചിട്ടുണ്ട്.

സമ്മേളനങ്ങളിൽ മദ്യം ഒഴിവാക്കി നല്ല മാതൃക സൃഷ്ടിക്കാൻ മെഡിക്കൽ അസോസിയേഷനുകൾക്കു കഴിയും എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആരോഗ്യ പ്രവർത്തകർ ആരോഗ്യ പൂർണ്ണമായ ജീവിത രീതിയോണ് പിൻതുടരേണ്ടതെന്നും ആദ്ദേഹം പറഞ്ഞു. പുകയില ഉപയോഗം, വ്യായാമക്കുറവ്, മദ്യ ഉപയോഗം, അശാസ്ത്രീയമായ ഭക്ഷണരീതി എന്നിവയാണ് ജീവിതശൈലീരോഗങ്ങൾക്ക് കാരണം.

ഒരു വർഷം രാജ്യത്തുണ്ടാകുന്ന മരണത്തിന്റെ 63 ശതമാനവും സാംക്രമികേതര രോഗങ്ങൾ മൂലമാണ്. ലോകത്താകമാനമുള്ള രോഗങ്ങളുടെ അഞ്ചു ശതമാനത്തിന്റെയും കാരണം മദ്യപാനമാണെന്ന റിപ്പോർട്ടും ലോകാരോഗ്യസംഘടന പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് അതുൽ ഗോയൽ മെഡിക്കൽ അസോസിയേഷനുകൾക്ക് കത്തയച്ചത്.