അരിക്കൊമ്പനെ കേരളത്തിലേക്ക് കൊണ്ടുവരണമെന്ന് പറയുന്നത് എന്തടിസ്ഥാനത്തിൽ, ഹൈക്കോടതി, രൂക്ഷവിമർശനം

കൊച്ചി . അരിക്കൊമ്പനു സുരക്ഷ ഉറപ്പാക്കണമെന്ന ഹര്‍ജിയിന്മേൽ ട്വന്റി ട്വന്റി കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ആനയെ കേരളത്തിലേക്ക് കൊണ്ടുവരണമെന്ന് പറയുന്നത് എന്തടിസ്ഥാനത്തി ലാണെന്ന് കോടതി ചോദിക്കുകയുണ്ടായി. ഹര്‍ജിയുടെ സത്യസന്ധത സംശയിക്കുന്നതായും കോടതി അഭിപ്രായപ്പെടുകയുണ്ടായി.

കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ഒരു പാര്‍ട്ടിയുടെ നേതാവായ ഹര്‍ജിക്കാരന് തമിഴ്‌നാട്ടിലെ വിഷയത്തില്‍ എന്താണ് കാര്യമെന്നും കോടതി ചോദിക്കുകയുണ്ടായി. ജസ്റ്റിസുമാരായ അലക്‌സാണ്ടര്‍ തോമസ്, സി ജയചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജിയിലൂടെ എന്താണ് ഉദ്ദേശിക്കുന്നത് എന്നു മനസ്സിലാകുന്നില്ല. ഹര്‍ജിക്കാരന്റേത് തെറ്റായ വാദങ്ങളാണ്. ആനയുടെ കാര്യത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുകയാണ്.

തമിഴ്‌നാട് വനംവകുപ്പ് ആനയെ ഏതെങ്കിലും വിധത്തില്‍ ഉപദ്രവിക്കുകയോ, ആനയുടെ ആരോഗ്യത്തിന് എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങളുള്ളതായോ റിപ്പോര്‍ട്ട് ഇല്ല. മറ്റൊരു ഉള്‍വനത്തിലേക്ക് അരിക്കൊമ്പനെ മാറ്റുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. പിന്നെ എന്തിനാണ് കേരളത്തിലേക്ക് കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്നതെന്നാണ് കോടതി ചോദിച്ചത്. ജീവിതത്തില്‍ എന്നെങ്കിലും ഉള്‍ക്കാട്ടില്‍ പോയ അനുഭവം ഉണ്ടോയെന്നും സാബു എം ജേക്കബിനോട് കോടതി ചോദിച്ചു.

അരിക്കൊമ്പന് സുരക്ഷയും ആവശ്യമായ ചികിത്സയും നല്‍കണം. തമിഴ്‌നാട് പിടികൂടിയാലും ആനയെ കേരളത്തിന് കൈമാറണം, കേരളത്തിലെ മറ്റൊരു ഉള്‍വനത്തിലേക്ക് അരിക്കൊമ്പനെ തുറന്നു വിടണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് സാബു എം ജേക്കബ് ഹര്‍ജി നല്‍കുന്നത്. കേന്ദ്രസര്‍ക്കാരിനെയും തമിഴ്‌നാട് സര്‍ക്കാരിനെയും കേസില്‍ എതിര്‍കക്ഷികളാക്കുകയുണ്ടായി.