ഓപ്പറേഷൻ കാവേരി, സുഡാനിൽ നിന്നുള്ള ആദ്യ സംഘം ഇന്ത്യയിലേക്ക്

ന്യൂഡല്‍ഹി. ആഭ്യന്തരകലാപം നടക്കുന്ന സുഡാനില്‍ നിന്നും ഓപ്പറേഷന്‍ കാവേരിയുടെ ഭാഗമായിട്ടുള്ള ആദ്യ സംഘം ഇന്ത്യയിലേക്ക് പുറപ്പെട്ടു. 278 ഇന്ത്യക്കാരുമായി നാവിക സേനയുടെ കപ്പല്‍ ഐഎന്‍എസ് സുമേധ ജിദ്ദയിലേക്ക് തിരിച്ചു. വിദേശകാര്യ വക്താവ് അരിന്ദം ബാഗ് ഐഎന്‍എസ് സുമേദയില്‍ നിന്നുള്ള ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തു. രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ കേന്ദ്ര സര്‍ക്കാരിന് നന്ദി അറിയിച്ച് ദേശീയ പതാക പിടിച്ചു നില്‍ക്കുന്ന ഇന്ത്യന്‍ പൗരന്മാരെ ചിത്രം പുറത്തുവന്നിട്ടുണ്ട്.

ജിദ്ദയില്‍ എത്തിക്കുന്ന സംഘത്തെ വിമാനമാര്‍ഗമായിരിക്കും ഇന്ത്യയില്‍ എത്തിക്കുക. ഓപ്പറേഷന്‍ കാവേരിയുടെ ഏകോപനത്തിനായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ജിദ്ദയില്‍ എത്തി. സുഡാനില്‍ കുടുങ്ങിക്കിടക്കുന്ന എല്ലാവരെയും സുരക്ഷിതമായി തിരിച്ചെത്തിക്കുവനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. സുഡാനില്‍ സൈന്യവും അര്‍ധസൈനിക വിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടല്‍ നടക്കുകയാണ്.

സുഡാനില്‍ സംഘര്‍ഷം കൂടിയതോടെ നിരവധി രാജ്യങ്ങള്‍ സ്വന്തം പൗരന്‍മാരെ ഒഴിപ്പിക്കുന്നുണ്ട്. റോഡ്, കടല്‍ ആകാശം എന്നി മാര്‍ഗങ്ങളിലൂടെയും രക്ഷാദൗത്യം പുരോഗമിക്കുന്നുണ്ട്. തലസ്ഥാനമായ ഖര്‍ത്തൂമിലെ പ്രധാന വിമാനത്താവളം ആക്രമണകേന്ദ്രമായതിനാല്‍ ചെങ്കടല്‍ തീരത്തുള്ള പോര്‍ട്ട് സുഡാന്‍ വഴിയാണ്. സൗദി അറേബ്യയാണ് ഒഴിപ്പിക്കല്‍ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയ ആദ്യ രാജ്യം.