ഇന്ത്യ എന്ന് സഖ്യത്തിന് പേര്, 26 പ്രതിപക്ഷ പാർട്ടികൾക്കെതിരെ കേസ്

ദില്ലി: രാജ്യത്ത് ഇന്ത്യയെന്ന പുതിയ പ്രതിപക്ഷ സഖ്യ പേര് പ്രഖ്യാപിച്ചതിനെതിരെ കേസ്. 26 പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ ദില്ലി പൊലീസാണ് കേസെടുത്തിരിക്കുന്നത്. രാജ്യത്തിന്റെ പേര് തെറ്റായി അവതരിപ്പിച്ചതിനും തിരഞ്ഞെടുപ്പിന് അനാവശ്യ സ്വാധീനത്തിനും വേണ്ടി ഉപയോഗിച്ചെന്നും കാണിച്ച് 26 പ്രതിപക്ഷ പാർട്ടികൾക്കെതിരെ ഡൽഹിയിലെ ബരാഖംബ പോലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചതിനെ തുടർന്നാണ് നടപടി. ഇത്തരത്തിൽ പേര് നൽകിയത് രാജ്യത്തെ പൗരന്മാരുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. എംബ്ലംസ് ആക്ട് സെക്ഷൻ 2(സി) പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഡോ അവിനീഷ് മിശ്ര എന്ന വ്യക്തിയാണ് പരാതി നൽകിയിരിക്കുന്നത്.

ഇന്ത്യൻ നാഷണൽ കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ഡിഎംകെ, ആം ആദ്മി പാർട്ടി, ജനതാദൾ (യുണൈറ്റഡ്), ആർജെഡി, ജാർഖണ്ഡ് മുക്തി മോർച്ച, എൻസിപി ശരദ് പവാർ പക്ഷം, ജമ്മു കശ്മീർ നാഷണൽ കോൺഫറൻസ്, പിഡിപി, സിപിഎം, സിപിഐ, ആർഎസ്പി, ശിവസേന ഉദ്ധവ് പക്ഷം, സമാജ്വാദി പാർട്ടി, ആർഎൽഡി, അപ്‌നാ ദൾ (കാമറവാടി), ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക്, മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം (എംഡിഎംകെ), വിടുതലൈ ചിരുതൈകൾ പാർട്ടി (വിസികെ), കൊങ്ങുനാട് മക്കൾ ദേശായി കച്ചി (കെഎംഡികെ), സിപിഎം എംഎൽ, മനിതനേയ മക്കൾ പാർട്ടി (എംഎംകെ), മുസ്ലീം ലീഗ്, കേരള കോൺഗ്രസ് (എം), കേരള കോൺഗ്രസ് ജോസഫ് വിഭാഗം എന്നീ പാർട്ടികൾക്കെതിരെയാണ് കേസ് കൊടുത്തിരിക്കുന്നത്.

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബെംഗളൂരുവിൽ ചേർന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിലാണ് ഇത്തരത്തിൽ ഒരു തിരുമാനമുണ്ടായത്. ഇന്ത്യൻ നാഷണൽ ഡെവലപ്മെന്റൽ ഇൻക്ലൂസീവ് അലയൻസ് എന്നതിന്റെ ചുരുക്കപ്പേരാണ് ‘ഇന്ത്യ’. എന്നാൽ നിയമം ഇത് അംഗീകരിക്കുന്നില്ല.

ഏതെങ്കിലും ഒരു പേരിന്റെ ചുരുക്കെഴുത്ത് മറ്റൊരു ‘പേര്’ ആകരുത് എന്നാണ് നിയമം പറയുന്നത്. ചെറിയ ശിക്ഷ മാത്രമേ ഇതിനൊള്ളുവെന്നിരിക്കിലും നിലവിലെ രാഷ്‌ട്രീയത്തിൽ ഇത് കോളിളക്കം സൃഷ്ടിക്കും. തങ്ങളുടെ സഖ്യത്തിന് ‘ഇന്ത്യ’ എന്ന് പേരിട്ടിരിക്കുന്ന എല്ലാ രാഷ്‌ട്രീയ പാർട്ടികൾക്ക് നേരെയും നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.