ആരൊക്കെ തടയാന്‍ ശ്രമിച്ചാലും ശബരിമല തെരഞ്ഞെടുപ്പ് വിഷയമാക്കുമെന്ന് ആവര്‍ത്തിച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള

തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയതിന് നേതാക്കള്‍ക്കെതിരെ കമ്മിഷന്‍ നടപടി എടുക്കുന്നതിനിടെ ശബരിമല തെരഞ്ഞെടുപ്പ് വിഷയമാക്കുമെന്ന് ആവര്‍ത്തിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള. ആരൊക്കെ തടയാന്‍ ശ്രമിച്ചാലും ശബരിമല തെരഞ്ഞെടുപ്പ് വിഷയമാക്കുമെന്നാണ് ശ്രീധരന്‍ പിള്ളയുടെ വാദം.

കോഴിക്കോട്ട് നടക്കുന്ന ബി.ജെ.പി വിജയ് സങ്കല്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല വിഷയം തെരഞ്ഞെടുപ്പ് വിഷയമാക്കാതിരിക്കാന്‍ പലരും ശ്രമിക്കുന്നുണ്ട്. എന്നാല്‍ ശബരിമല തെരഞ്ഞെടുപ്പ് വിഷയമാകുക തന്നെ ചെയ്യുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

നേരത്തെ തൃശൂരിലെ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അയ്യപ്പന്റെ പേരില്‍ വോട്ടു ചോദിച്ചതിനെ ചൊല്ലി ഏറെ വിവാദം ഉയര്‍ന്നിരുന്നു. സംഭവത്തില്‍ കലക്ടര്‍ അനുപമ ഇടപെടുകയും താരത്തോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു. അതിന് പിന്നാലെയാണ് ശബരിമല തെരഞ്ഞെടുപ്പ് വിഷയമാക്കുമെന്ന ശ്രീധരന്‍ പിള്ളയുടെ പ്രഖ്യാപനം.

അതേസമയം വിജയ് സങ്കല്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രസംഗം തുടരുകയാണ്. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രത്യേക വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി റോഡ് മാര്‍ഗമാണ് കോഴിക്കോട്ടെ ബീച്ചിലുള്ള പ്രചാരണവേദിയിലേക്ക് എത്തിയത്. കാസര്‍കോട് മുതല്‍ തൃശ്ശൂര്‍ വരെയുള്ള എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളെ വേദിയില്‍ അണിനിരത്തിയാണ് മോഡിയുടെ പ്രചാരണപരിപാടി.

കര്‍ണാടകയിലെ കൊപ്പാളില്‍ നിന്നാണ് മോഡി കോഴിക്കോട്ടെത്തിയത്. കോഴിക്കോട്ടെ ബീച്ചില്‍ തയ്യാറാക്കിയ പ്രചാരണവേദിയിലേക്ക് നിരവധി പ്രവര്‍ത്തകര്‍ എത്തിക്കഴിഞ്ഞു. എസ്പിജിയുടെ നിയന്ത്രണത്തിലാണ് കോഴിക്കോട്ടെ പ്രചാരണവേദി. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ കേരളത്തിലെ ആദ്യപ്രചാരണ റാലിയാണിത്.

രണ്ടാം വരവില്‍ മോഡി തിരുവനന്തപുരത്തെ പ്രചാരണപരിപാടിയിലാണ് പങ്കെടുക്കുക. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പടെയുള്ള നേതാക്കളും വരും ദിവസങ്ങളില്‍ കേരളത്തിലെത്തും.