വോട്ടു ചെയ്തില്ലെങ്കില്‍ ശപിക്കുമെന്നും കുടുംബം നശിപ്പിക്കുമെന്നും സാക്ഷി മഹാരാജ്… എംപി ആയാല്‍ വോട്ടു ചെയ്യാത്ത മുസ്‌ളീങ്ങളെ സഹായിക്കില്ലെന്ന് മനേക… രണ്ടാള്‍ക്കും ജില്ലാ മജിസ്‌ട്രേറ്റിന്റെ നോട്ടീസ്

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ വോട്ടു ചെയ്യാന്‍ സമ്മതിദായകര്‍ക്ക് ബിജെപി സ്ഥാനാര്‍ത്ഥികളുടെ ഭീഷണി. ഉന്നാവയില്‍ പ്രചരണം നടത്തുന്ന ബിജെപി സ്ഥാനാര്‍ത്ഥിയും സന്യാസിയുമായ സാക്ഷി മഹാരാജ് വോട്ടു ചെയ്യാത്തവരെ ശപിച്ച് ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തുമ്പോള്‍ വോട്ട് ചെയ്യാത്ത മുസ്‌ളീങ്ങള്‍ ആവശ്യം ഉന്നയിച്ചു വരുമ്പോള്‍ പണി കൊടുക്കുമെന്നാണ് സുല്‍ത്താന്‍പൂര്‍ സ്ഥാനാര്‍ത്ഥി മനേകാഗാന്ധി ഉയര്‍ത്തുന്ന ഭീഷണി.

എന്തായാലും സംഭവം വലിയ ചര്‍ച്ചയായി മാറിയതോടെ സുല്‍ത്താന്‍പൂര്‍ ജില്ലാ മജിസ്‌ട്രേറ്റ് വിശദീകരണം ആവശ്യപ്പെട്ട് മനേകാ ഗാന്ധിക്ക് ഷോ കോസ് നോട്ടീസ് അയച്ചിരിക്കുയാണ്. സംഭവത്തിന്റെ പ്രചരിക്കുന്ന വീഡിയോ ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കിട്ടുകയും ചെയ്തിട്ടുണ്ട്.

സുല്‍ത്താന്‍പുരില്‍ ഒരു കൂട്ടം മുസ്‌ലിം വോട്ടര്‍മാരോട് സംസാരിക്കുമ്പോഴാണ് മനേകയുടെ ഭീഷണി. ”എന്റെ ഫൗണ്ടേഷന്‍ നിങ്ങള്‍ക്കായി ആയിരംകോടി രൂപയോളം ചെലവാക്കി. എന്നിട്ടും നിങ്ങള്‍ ബി.ജെ.പി.ക്കു വോട്ടുചെയ്യില്ലെന്നു പറയുമ്പോള്‍ ഞങ്ങള്‍ക്കതു മോശമായി തോന്നും. മുസ്‌ലിം വോട്ട് ഉണ്ടെങ്കിലും ഇല്ലെങ്കിലും ഈ തിരഞ്ഞെടുപ്പില്‍ ഞാന്‍ ജയിക്കും.

എന്നാല്‍ വോട്ടുചെയ്യാതിരുന്ന ശേഷം മുസ്‌ലിങ്ങള്‍ സഹായം അഭ്യര്‍ഥിച്ചെത്തിയാല്‍ എന്തുപ്രയോജനമെന്ന് ഞാന്‍ ചിന്തിക്കും.” ഇങ്ങിനെയായിരുന്നു മനേകയുടെ വാക്കുകള്‍. സുല്‍ത്താന്‍പൂര്‍ ടുറാബ് ഖാനിയില്‍ നടന്ന പരിപാടിയില്‍ നടത്തിയ പ്രസ്താവനയുടെ വീഡിയോ സോഷ്യല്‍ മീഡിയയിലും ഓടുന്നുണ്ട്.

സംഭവം വിവാദമായതോടെ വിശദീകരണവുമായി മനേക എത്തിയിട്ടുണ്ട്. താന്‍ മുസ്‌ളീങ്ങളെ ഏറെ സ്‌നേഹിക്കുന്നെന്നും ബിജെപിയുടെ ന്യൂനപക്ഷ സെല്ലിന്റെ യോഗമാണ് വിളിച്ചു ചേര്‍ത്തതെന്നും അവര്‍ പറയുന്നു. താന്‍ ജയിക്കുന്ന തെരഞ്ഞെടുപ്പില്‍ അവരുടെ പങ്കാളിത്തം ചേര്‍ന്നു കിടക്കണമെന്നു മാത്രമാണ് വാക്കുകള്‍ കൊണ്ട് താന്‍ ഉദ്ദേശിച്ചതെന്നും തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്നും മനേക പറയുന്നു.

” ജനങ്ങള്‍ സ്‌നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നതിനാല്‍ താന്‍ ജയിക്കും. എന്നാല്‍ അതില്‍ മുസ്‌ളീങ്ങളുടെ വോട്ട് ഇല്ലെങ്കില്‍ അത് നല്ലതല്ല എന്നാണ് ഉദ്ദേശിച്ചത്.” ”ഞാന്‍ തെരഞ്ഞെടുപ്പുകളില്‍ വിജയിക്കുകയും തോല്‍ക്കുകയും ചെയ്തിട്ടുണ്ട് പക്ഷേ നിങ്ങള്‍ക്കാണ് എന്നെ വേണ്ടത്. ഇത് അക്കാര്യത്തില്‍ അടിത്തറ ഇടാനുള്ള അവസരമാണ്. ഈ ബൂത്തില്‍ നിന്നും തനിക്ക് നൂറോ അമ്പതോ വോട്ട് കിട്ടിയാല്‍ നിങ്ങള്‍ എനിക്ക് വേണ്ടി ജോലി ചെയ്തതായി ഞാന്‍ കണക്കാക്കും.

വിഭാഗീകത ഞാന്‍ വിചാരിക്കില്ല. എല്ലാവരുടേയും വേദനയിലും ദു:ഖത്തിലൂം പങ്കാളിയാകും എല്ലാവരേയും സ്‌നേഹിക്കും. അതുകൊണ്ട് ഇത് നിങ്ങള്‍ക്ക് വേണ്ടിയാണ്.” മനേക പറഞ്ഞു.