പീഡനാരോപണം ഉയര്‍ന്ന ആളുകള്‍ നല്ലതാണോ അതോ ഇര മോശമാണോ എന്നൊന്നും പറയലല്ല ഞങ്ങളുടെ ജോലി, പദ്മപ്രിയ പറയുന്നു

ഡബ്ല്യുസിസി ഇരകളെ മുന്‍വിധിയോടെ സമീപിക്കില്ലെന്ന് നടി പദ്മപ്രിയ. മറിച്ച് അവര്‍ക്ക് ആവശ്യമായ വൈകാരികവും മാനസികവുമായ പിന്തുണ നല്‍കുക മാത്രമാണ് ലക്ഷ്യം. പീഡന പരാതികള്‍ നിയമപരമായി ഏറ്റെടുക്കണോ അതോ കോടതിക്ക് പുറത്ത് പരിഹരിക്കണോ എന്നത് ഓരോ ഇരയുടെയും വ്യക്തിഗത തിരഞ്ഞെടുപ്പാണ്, നീതി എന്നത് ഓരോ വ്യക്തിക്കും വ്യത്യസ്തമാണെന്നും പത്മപ്രിയ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

പദ്മപ്രിയയുടെ വാക്കുകള്‍ ഇങ്ങനെ, പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള സംഘടനയല്ല ഡബ്ല്യുസിസി. ഇത് നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഞങ്ങള്‍ ഇരകള്‍ക്കൊപ്പമായിരുന്നു. തങ്ങള്‍ നേരിട്ട പീഡനങ്ങളെ കുറിച്ച് ആര്‍ക്കും ഞങ്ങളോട് സംസാരിക്കാം. ഞങ്ങള്‍ ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ടെന്ന് ആരെങ്കിലും സംഘടനയോട് വന്ന് സംസാരിക്കുമ്‌ബോള്‍ നമ്മള്‍ അവരെ ജഡ്ജ് ചെയ്യാന്‍ പോകുന്നില്ല. സിനിമയില്‍ നടിമാര്‍ ചൂഷണം ചെയ്യപ്പെടുന്ന സാഹചര്യം എന്തുകൊണ്ടാണ് ഉണ്ടാകുന്നത്? ചൂഷണം ചെയ്യുന്നവര്‍ക്ക് എങ്ങനെയാണ് ഇത്രയും ധൈര്യം ലഭിക്കുന്നത്. സിനിമ മേഖല ഒരു തൊഴിലിടമാണ്. സിനിമ ചെയ്യണമെങ്കില്‍ ചൂഷണത്തിന് വിധേയമായാലേ സാധിക്കൂ എന്ന സാഹചര്യം എതിര്‍ക്കപ്പെടേണ്ടതാണ്. ഒരുപാട് പ്രതീക്ഷളുമായാണ് പലരും സിനിമാ മേഖലയിലേക്ക് വരുന്നത്. ചൂഷണം എന്നത് എപ്പോഴും ലൈംഗിക ചൂഷണം ആകണമെന്നില്ല.

ലൈംഗിക പീഡനാരോപണങ്ങളില്‍ ചില നടന്‍മാരെ മാത്രം ഡബ്യുസിസി ടാര്‍ഗറ്റ് ചെയ്യുന്നുണ്ടോയെന്ന ചോദ്യത്തിന് പത്മപ്രിയയുടെ മറുപടി ഇങ്ങനെയായിരുന്നു- ‘അത് നിയമപരമായി ഏറ്റെടുക്കണോ അതോ കോടതിക്ക് പുറത്ത് പരിഹരിക്കണോ എന്നത് ഓരോ ഇരയുടെയും വ്യക്തിഗത തിരഞ്ഞെടുപ്പാണ്, നീതി എന്നത് ഓരോ വ്യക്തിക്കും വ്യത്യസ്തമാണ്. നേരത്തേ നടന്‍ അലന്‍സിയറിനെതിരെ സംഘടനയുടെ അംഗം കൂടിയായ ദിവ്യ ഗോപിനാഥ് പരാതി ഉയര്‍ത്തിയിരുന്നു. അദ്ദേഹം പരസ്യമായി തന്നോട് മാപ്പ് പറയണമെന്നായിരുന്നു ദിവ്യയുടെ ആവശ്യം. അദ്ദേഹം അത് പറഞ്ഞു ആ പ്രശ്‌നം അവിടെ തീര്‍ന്നു. ദിലീനെതിരെ അല്ലേങ്കില്‍ വിജയ് ബാബുവിനെതിരെ നിയമപരമായി പോകാനായിരുന്നു ഇരകളുടെ തിരുമാനം. ദിലീപിനും വിജയ് ബാബുക്കും എതിരെ ഡബ്ല്യുസിസി എന്നല്ല. മറിച്ച് ഞങ്ങള്‍ ഇരയ്‌ക്കൊപ്പമാണ്.

ഓണ്‍ലൈനിലൂടെ മീടുവിനെ കുറിച്ച് വെളിപ്പെടുത്തുന്ന പലരും പക്ഷേ വിഷയത്തില്‍ പോരാടാറില്ല. ഒരുപക്ഷേ പ്രതീക്ഷ ഇല്ലാത്തത് കൊണ്ടായിരിക്കും അല്ലേങ്കില്‍ പോരാടാനുള്ള ശക്തി ഇല്ലാത്തത് കൊണ്ടായിരിക്കാം. വിജയ് ബാബു കേസിലും നടി ആക്രമിക്കപ്പെട്ട കേസിലും ഇരയായ നടിമാര്‍ നിയമത്തിന്റെ സഹായത്തോടെ പോരാടാന്‍ തിരുമാനിച്ചവരാണ്. അവരുടെ യാത്ര വേറെയാണ്.

99 ശതമാനം പീഡന കേസുകളിലും വെറും ഒരു ശതമാനത്തിന് മാത്രമാണ് നീതി ലഭിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ നടപടികള്‍ വൈകുന്നത് നമ്മള്‍ കണ്ടതാണ്. ആ കേസില്‍ മാത്രമല്ല കേരളത്തിലെ നിരവധി പീഡന കേസുകളിലെ സ്ഥിതി അതാണ്. വിചാരണ എന്നത് മറ്റൊരു പീഡനമാണ്. അതിലൂടെ പോകാന്‍ അവര്‍ തിരുമാനിച്ചാല്‍ അതിന് പിന്നില്‍ ഒരു കാരണമുണ്ടാവും. അതുകൊണ്ട് തന്നെ ഇരയെ സംരക്ഷിക്കുകയെന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്.

പീഡനത്തിനരയായവര്‍ക്ക് ഡബ്ല്യുസിസി പിന്തുണ നല്‍കും. അല്ലാതെ പീഡനാരോപണം ഉയര്‍ന്ന ആളുകള്‍ നല്ലതാണോ അതോ ഇര മോശമാണോ എന്നൊന്നും പറയലല്ല ഞങ്ങളുടെ ജോലി. ഇരയ്‌ക്കൊപ്പം നില്‍ക്കുകയെന്നതാണ്. ഇരയില്‍ നിന്ന് അതിജീവിതയിലേക്കുള്ള യാത്രയില്‍ നമ്മള്‍ അവര്‍ക്ക് ആവശ്യമായ വൈകാരികവും മാനസികവുമായ പിന്തുണ നല്‍കും. എന്നാല്‍ ഇവരെ പിന്തുണക്കാത്ത നിരവധി ആളുകള്‍ ഉണ്ട്’.