ഇന്ത്യയുടെ വീരപുത്രന്‍ അഭിനന്ദന്‍ വര്‍ധമാനെ പരിഹസിച്ച് പാക് ചാനലില്‍ ലോകകപ്പ് പരസ്യം

രാജ്യത്തിന്റെ വീര പുത്രന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ പരിഹസിച്ച് പാക്കിസ്ഥാന്‍ ചാനല്‍. പാകിസ്ഥാനില്‍ ലോകകപ്പ് സംപ്രേക്ഷണം ചെയ്യുന്ന ജാസ് ടിവിയിലാണ് വിവാദ പരസ്യം പുറത്തിറക്കിയത്. ജൂണ്‍ 16 ന് നടക്കുന്ന ഇന്ത്യപാക് മത്സരത്തിന് മുന്നോടിയായാണ് പരസ്യം ഇറക്കിയത്. അഭിനന്ദന്‍ വര്‍ധമാന്റെ പ്രത്യേക രീതിയിലുള്ള മീശയും രൂപ സാദൃശ്യവുമുള്ള ആള്‍ നീല ജഴ്‌സിയിട്ട് കയ്യില്‍ ചായക്കോപ്പയുമായി കാമറയ്ക്ക് മുന്നില്‍ സംസാരിക്കുന്നതാണ് പരസ്യം. പാക് സൈന്യത്തിന്റെ ചോദ്യം ചെയ്യലിനിടെ പുറത്തുവിട്ട വീഡിയോയ്ക്ക് സമാനമായാണ് പരസ്യം നിര്‍മ്മിച്ചിരിക്കുന്നത്.

ടോസ് നേടിയാല്‍ ഇന്ത്യയുടെ പ്ലയിങ് ഇലവനെയും കളി തന്ത്രങ്ങളെയും കുറിച്ച് ചോദിക്കുമ്പോള്‍ ‘അയാം സോറി, അക്കാര്യങ്ങള്‍ പറയാന്‍ എനിക്ക് അനുമതിയില്ല’ എന്ന് മറുപടി നല്‍കുന്നു. ചോദ്യം ചെയ്യലില്‍ അഭിനന്ദന്‍ പറഞ്ഞതും ഇതേ ഉത്തരമായിരുന്നു. ഒടുവില്‍ ‘ചായ എങ്ങനെയുണ്ട്’ എന്ന ചോദ്യത്തിന് ‘ചായ നല്ലതായിരുന്നു’ എന്നും, അഭിനേതാവ് ഉത്തരം പറയുന്നു. എങ്കില്‍ നിങ്ങള്‍ക്ക് പോകാം, എന്ന് പറയുമ്പോള്‍ കപ്പുമായി എഴുന്നേറ്റ് നില്‍ക്കുന്ന ഇദ്ദേഹത്തോട് ‘കപ്പും കൊണ്ട് എവിടേയ്ക്കാണ് പോകുന്നത്’ എന്ന് ചോദിച്ച് ‘കപ്പ് ഇവിടെ വച്ചിട്ട് പോകൂ’ എന്ന ഹാഷ് ടാഗ് ഇട്ടുകൊണ്ടായിരുന്നു പരസ്യം അവസാനിക്കുന്നത്.

ഫ്രെബ്രുവരി 27 നാണ് ബാലാകോട്ട് ആക്രമണത്തിനിടെ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് വിങ് കമാന്ററായ അഭിനന്ദന്‍ വര്‍ധമാന്‍ പിടിയിലാകുന്നത്. പിന്നീട് അന്താരാഷ്ട്ര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അഭിനന്ദനെ പാകിസ്ഥാന്‍ ഇന്ത്യയ്ക്ക് കൈമാറുകയായിരുന്നു.