തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് നേരത്തെ പ്രഖ്യാപിച്ചതാണ്, ഉപദ്രവിക്കരുതെന്ന് പന്ന്യന്‍ രവീന്ദ്രന്‍

തിരുവനന്തപുരം. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും നേരത്തെ തന്നെ ഇക്കാര്യം പ്രഖ്യാപിച്ചതാണെന്നും ഉപദ്രവിക്കരുതെന്നും പന്ന്യന്‍ രവീന്ദ്രന്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രന്‍ സ്ഥാനാര്‍ഥിയാകുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ തുടങ്ങാനായിട്ടില്ലെന്നും ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകളൊന്നും തീരുമാനങ്ങളല്ലെന്നും ഇത്തരം അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും പന്ന്യന്‍ രവീന്ദ്രന്‍ ആവശ്യപ്പെട്ടു.

ഇടതുപക്ഷത്തിന് അനുകൂലമായ സാഹചര്യമാണ് തിരുവനന്തപുരത്തുള്ളത്. അത് വെറും പ്രതീക്ഷയല്ലെന്നും ജനം ഇടതുപക്ഷത്തിന് വോട്ട് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ലിസ്റ്റില്‍ ഒന്നാമനായിട്ടും പേര് വരും. അതുകൊണ്ട് അതൊന്നും വലിയ കാര്യമക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

താന്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ല എന്ന് നേരത്തെ പറഞ്ഞതാണ്. അത് പാര്‍ട്ടിയെ ബോധ്യപ്പെടുത്തും. ഈ പറയുന്നതൊന്നും തീരുമാനമല്ല. അതുകൊണ്ട് സ്ഥാനാര്‍ഥിയാണെന്ന് പ്രചരിപ്പിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.