യാത്രക്കാർ പ്രകോപിപ്പിച്ചു; അക്രമാസക്തനായി മൂന്നാറിലെ പടയപ്പ

മൂന്നാര്‍. വാഹനങ്ങളിലെത്തിയവര്‍ പ്രകോപിപ്പിച്ചതിനെ തുടര്‍ന്ന് അക്രമാസക്തനായി മൂന്നാറിലെ കാട്ടാന പടയപ്പ. ഇടുക്കി കുറ്റിയാര്‍വാലിക്ക് സമീപം ബുധനാഴ്ച വൈകീട്ടാണ് സംഭവം. രണ്ട് ബൈക്കുകള്‍ പടയപ്പ തകര്‍ത്തു. റോഡിലേക്ക് പ്രവേശിച്ച പടയപ്പയുടെ ഇരുവശത്തുനിന്നും വാഹനങ്ങള്‍ എത്തി.

ഇതോടെ ആനയുടെ വഴി തടസ്സപ്പെട്ടു. ഇതാണ് പടയപ്പയെ പ്രകോപിപ്പിച്ചത്. മാത്രമല്ല, ആളുകള്‍ പുറത്തിറങ്ങി ഫോട്ടോ എടുക്കാന്‍ ശ്രമിക്കുകയും ചെയ്തു. അതേസമയം, പാലക്കാട് ധോണിയില്‍ ജനവാസമേഖലയില്‍ പിടി-7 എന്ന കാട്ടാന വീണ്ടും ഇറങ്ങി. ആനയെ വനംവകുപ്പ് ജീവനക്കാരെത്തി തുരത്താന്‍ ശ്രമിച്ചു.

കഴിഞ്ഞ കുറേ നാളുകളായി പിടി-7 ആനയുടെ ഉപദ്രവം തുടരുന്നതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ വനം വകുപ്പിന്റെ വാഹനം തടഞ്ഞു. രാത്രികാലങ്ങളില്‍ ഇറങ്ങുന്ന ആന കൃഷി ഉള്‍പ്പടെ നശിപ്പിക്കുന്നുണ്ട്. ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് വനം വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ ആനയെ മയക്കുവെടി വെച്ച് തളയ്ക്കണമെന്നും ഇതിനായി പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.