പിഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ. അബ്ദുൾ സത്താർ കസ്റ്റഡിയിൽ

പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി എ. അബ്ദുൾ സത്താർ പൊലീസ് കസ്റ്റഡിയിൽ. എൻഐഎ സംഘം കരുനാഗപ്പള്ളിയിലെ കാരുണ്യ ട്രസ്റ്റിൽ നിന്നുമാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. അൽപ സമയം മുൻപ് അദ്ദേഹം മാധ്യമങ്ങളെ കാണുകയും ചെയ്തിരുന്നു. തൊട്ടുപിന്നാലെയാണ് പൊലീസും കേന്ദ്ര ഏജൻസികളും ഇവിടെയെത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത്. പിഎഫ്ഐ ഹർത്താലും ബന്ധപ്പെട്ട അക്രമത്തിന് ആഹ്വാനം ചെയ്തതിനുമാണ് അറസ്റ്റ്

അബ്ദുൾ സത്താറിന്റെ വീട്ടിലും കരുനാഗപ്പള്ളിയി കാരുണ്യ സെന്ററിലും റിഹാബ് സെന്ററിലുമെല്ലാം രണ്ടു ദിവസം മുൻപ് പൊലീസിന്റെ പരിശേധനയുണ്ടായിരുന്നു. എന്നാൽ ആ സമയങ്ങളിൽ അബ്ദുൾ സത്താർ സ്ഥലത്തില്ലായിരുന്നു. തിരിച്ചെത്തിയ സത്താർ രാവിലെ മുതൽക്കെ കാരുണ്യ സെന്ററിലുണ്ടായിരുന്നു.

കൊല്ലം കമ്മീഷണർ ഓഫീസിലേക്കാണ് അബ്ദുൾ സത്താറിനെ കൊണ്ടുപോകുന്നത്. അവിടെ വച്ച് വിശദമായി ചോദ്യം ചെയ്യും. ഹർത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഉടനീളം വ്യാപകമായ അക്രമ സംഭവങ്ങൾ നടന്നിരുന്നു. ഹർത്താലിന് ആഹ്വാനം നൽകിയത് അബ്ദുൾ സത്താറാണ്. അതുകൊണ്ട് തന്നെ ഇയാൾക്കെതിരെ കേസെടുക്കണമെന്ന് കോടതിയും നിർദ്ദേശിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് അബ്ദുൾ സത്താറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്

എൻഐഎ റെയ്ഡ് നടന്ന ദിവസം ഇയാൾ ഒളിവിൽ പോയിരുന്നു. കോടതിയിൽ എൻഐഎ സമർപ്പിച്ച റിപ്പോർട്ടുകൾ പ്രകാരം രണ്ടാം പ്രതിയായ അബ്ദുൾ സത്താർ , 12ാം പ്രതിയായ കെ.എ.റൗഫ് എന്നിവരെ പിടികൂടാനുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇവരെ കണ്ടെത്താനും എൻഐഎ ശ്രമിച്ചിരുന്നു. ഇന്നലെയോട് കൂടിയാണ് ഇയാൾ കരുനാഗപ്പള്ളിയിലെ സ്വന്തം വീട്ടിലെത്തിയത്. ഇന്ന് രാവിലെ ദക്ഷിണ മേഖലാ ആസ്ഥാനത്തും എത്തുകയായിരുന്നു