നിരോധനത്തിന് പിന്നാലെ പോപ്പുലര്‍ ഫ്രണ്ടിന്റെ വെബ്‌സൈറ്റും വാട്‌സ്ആപ്പ് ഗ്രൂപ്പുകളും പൂട്ടിക്കെട്ടി

തിരുവനന്തപുരം. പോപ്പൂലര്‍ ഫ്രണ്ടിനെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചതോടെ പിഎഫ്‌ഐയുടെ വെബ്‌സൈറ്റും വാട്‌സ്ആപ്പ് ഗ്രൂപ്പുകളും പ്രവര്‍ത്തന രഹിതമായി. നിരോധന ഉത്തരവ് പുറത്ത് വന്നതോടെ പോപ്പുലര്‍ ഫ്രണ്ടിന്റെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി. മാധ്യമങ്ങള്‍ക്ക് വിവരം നല്‍കുന്നതിനായി ഉണ്ടായക്കിയ വാട്‌സ്ആപ്പ് ഗ്രൂപ്പായ പിഎഫ്‌ഐ പ്രസ് റിലീസ് എന്ന ഗ്രൂപ്പിന്റെ പേരാണ് പ്രസ് റിലീസ് എന്നാക്കിമാറ്റിയത്. ഗ്രൂപ്പില്‍ ഉണ്ടായിരുന്ന പലരും എന്‍ഐഎ നടത്തിയ റെയ്ഡിനെ തുടര്‍ന്ന് ഗ്രൂപ്പില്‍ നിന്നും പുറത്ത് പോയിരുന്നു.

അതേസമയം പോലീസ് പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ പരിശോധനകള്‍ നടത്തുകയാണ്. പരിശോധയ്ക്ക് ശേഷം ഓഫീസുകള്‍ സീല്‍ ചെയ്യും. അനുബന്ധ സംഘടനകളുടെയും ഓഫീസ് ഇത്തരത്തില്‍ പൂട്ടും. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ് പോലീസിന്റെ നടപടി. പോപ്പുലര്‍ ഫ്രണ്ടിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും ഓഫീസുകളും ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കും. പ്രശ്‌നബാധിത പ്രദേശങ്ങളില്‍ കേന്ദ്ര സേനയെ അടക്കം വിന്യസിച്ചു.

പോപ്പുലര്‍ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട് എന്തൊക്കെ ഇനി ചെയ്യാന്‍ പാടില്ല എന്ന് നോക്കാം. പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെ 8 സംഘടനകള്‍ അതായത് റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍,ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, നാഷണല്‍ കോണ്‍ഫഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍, നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, റിഹാബ് ഫൗണ്ടേഷന്‍ കേരള എന്നിവയുടെ കൊടിയോ തോരണങ്ങളോ ഒന്നും ആരും ഉയര്‍ത്തരുത്.

ഇതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമത്തില്‍ പോലും ഈ സംഘടനകള്‍ക്കായി പോസ്റ്റ് ഇടുന്നവര്‍ നിരോധിത പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നവരായി കണക്കാക്കും. പ്രസ്ഥാവനകള്‍ പാടില്ല. നിരോധിക്കപ്പെട്ട സംഘടനകളുടെ പേരില്‍ രഹസ്യ മീറ്റീങ്ങ് നടത്തിയാല്‍ പൊലും ഭീകരവാദ കുറ്റം ചുമത്തി ജയിലില്‍ കഴിയേണ്ടി വരും.