പോപ്പുലര്‍ ഫ്രണ്ട് നിരോധനം മാത്രം പോരാ; ആശയങ്ങളും ഇല്ലാതാക്കണം- ശശികല ടീച്ചര്‍

തിരഞ്ഞെടുപ്പില്‍ വോട്ട് ലഭിക്കുന്നതിനാണ് സിപിഎം പോപ്പുലര്‍ ഫ്രണ്ടുമായി കൈകോര്‍ത്തിരിക്കുന്നതെന്ന് ശശികല ടീച്ചര്‍. സിപിഎം നില്‍ക്കുന്നത് ഇസ്ലാമിക ഭീകരരുടെ തണലിലാണ്. ഇത് തുടണമെങ്കില്‍ പോപ്പുലര്‍ ഫ്രണ്ട് നല്‍കുന്ന പ്രസ്താവന നോക്കി വായിക്കേണ്ട അവസ്ഥയിലാണ് സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയും മറ്റ് നേതാക്കളും. ഈ നേതാക്കള്‍ എന്ത് പറയണമെന്ന് ഈ ഭീകരര്‍ എഴുതികൊടുക്കുമെന്നും ശശികല ടീച്ചര്‍ ആരോപിക്കുന്നു.

ഇത്തരം ഭീകരരുമായി കൂട്ടുകെട്ടുകള്‍ ഉണ്ടാക്കുവാന്‍ സിപിഎമ്മിനൊപ്പം കോണ്‍ഗ്രസും മത്സരിക്കുകയാണ്. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചാല്‍ മാത്രം പോര ഇത്തരം ആശയങ്ങള്‍ ഇനി രാജ്യത്ത് പ്രചരിക്കില്ല എന്ന് ഉറപ്പ് വരുത്തണമെന്നും ശശികല ടീച്ചര്‍ പറഞ്ഞു. രാജ്യം വികസനത്തിലേക്ക് അതിവേഗം സഞ്ചരിക്കുകയാണ്. അതിന് ഇത്തരത്തിലുള്ള കറകള്‍ കഴുകി കളയണമെന്നും ശശികല ടീച്ചര്‍ പ്രതികരിച്ചു.

പോപ്പൂലര്‍ ഫ്രണ്ടിനെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചതോടെ പിഎഫ്‌ഐയുടെ വെബ്‌സൈറ്റും വാട്‌സ്ആപ്പ് ഗ്രൂപ്പുകളും പ്രവര്‍ത്തന രഹിതമായി. നിരോധന ഉത്തരവ് പുറത്ത് വന്നതോടെ പോപ്പുലര്‍ ഫ്രണ്ടിന്റെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി. മാധ്യമങ്ങള്‍ക്ക് വിവരം നല്‍കുന്നതിനായി ഉണ്ടായക്കിയ വാട്‌സ്ആപ്പ് ഗ്രൂപ്പായ പിഎഫ്‌ഐ പ്രസ് റിലീസ് എന്ന ഗ്രൂപ്പിന്റെ പേരാണ് പ്രസ് റിലീസ് എന്നാക്കിമാറ്റിയത്. ഗ്രൂപ്പില്‍ ഉണ്ടായിരുന്ന പലരും എന്‍ഐഎ നടത്തിയ റെയ്ഡിനെ തുടര്‍ന്ന് ഗ്രൂപ്പില്‍ നിന്നും പുറത്ത് പോയിരുന്നു.

അതേസമയം പോലീസ് പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ പരിശോധനകള്‍ നടത്തുകയാണ്. പരിശോധയ്ക്ക് ശേഷം ഓഫീസുകള്‍ സീല്‍ ചെയ്യും. അനുബന്ധ സംഘടനകളുടെയും ഓഫീസ് ഇത്തരത്തില്‍ പൂട്ടും. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ് പോലീസിന്റെ നടപടി. പോപ്പുലര്‍ ഫ്രണ്ടിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും ഓഫീസുകളും ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കും. പ്രശ്‌നബാധിത പ്രദേശങ്ങളില്‍ കേന്ദ്ര സേനയെ അടക്കം വിന്യസിച്ചു.