കേരള സ്‌റ്റോറി ആർ.എസ്.എസ് അജണ്ട, സിനിമ പ്രദർശിപ്പിച്ചതിൽ പ്രത്യേക ഉദ്ദേശ്യം- മുഖ്യമന്ത്രി

കേരള സ്‌റ്റോറി ആർ.എസ്.എസ് അജണ്ടയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ‘കേരളത്തിൽ എവിടെയാണ് ‘കേരള സ്റ്റോറി’യിൽ പറയുന്ന കാര്യങ്ങൾ സംഭവിച്ചിട്ടുള്ളത്. ഒരു നാടിനെ അപകീർത്തിപ്പെടുത്താൻ പച്ച നുണ പ്രചരിപ്പിക്കുന്നു. രാഷ്ട്രീയ ഉദ്ദേശ്യത്തോടെ കൊണ്ടുവന്നതാണ് ‘കേരള സ്റ്റോറി’. സിനിമ പ്രദർശിപ്പിച്ചതിൽ പ്രത്യേക ഉദ്ദേശ്യമുണ്ടെന്നും മുഖ്യമന്ത്രി കൊല്ലത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

‘കേരളത്തെ ഒരു വല്ലാത്ത സ്ഥലമായി ചിത്രീകരിക്കുന്നു. അത് പ്രദർശിപ്പിക്കുന്നതിന് പിന്നിലും പ്രത്യേക ഉദ്ദേശ്യമുണ്ട്. ആർ.എസ്. എസ് കെണിയിൽ വീഴരുത്. രാജ്യത്ത് ആർഎസ്എസിനു കൃത്യമായ അജണ്ടയുണ്ട്. ആഭ്യന്തര ശത്രുക്കളെ ഇല്ലാതാക്കുക എന്നുള്ളതാണ് ആർഎസ്എസ് പറയുന്നത്. രാജ്യത്തെ ന്യൂനപക്ഷത്തിൽ പ്രബലരെ ഇല്ലാതാക്കുകയാണ് അവരുടെ ശ്രമം. മുസ്‍ലിം, ക്രിസ്ത്യൻ, കമ്മ്യൂണിസ്റ്റ് എന്നിവരെയാണ് ശത്രുക്കളായി കാണുന്നത്. ഹിറ്റ്‌ലർ ജർമനിയിൽ നടപ്പാക്കിയത് ആർ.എസ്.എസ് അതുപോലെ രാജ്യത്ത് നടപ്പാക്കുന്നു. ഓരോ ഘട്ടത്തിൽ ഓരോ വിഭാഗത്തിന് നേരെ തിരിയുന്നു, മണിപ്പൂരിൽ അതാണ് കണ്ടത്’. മുഖ്യമന്ത്രി പറഞ്ഞു.