മുഖ്യമന്ത്രി അല്ലായിരുന്നെങ്കിൽ സംരക്ഷണം ജനങ്ങൾ ഏറ്റെടുത്തേനേ ; എ കെ ബാലൻ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷം വിമർശനങ്ങൾ ഉയർത്തുമ്പോൾ പ്രതികരണവുമായി മുതിർന്ന സിപിഎം കേന്ദ്ര കമ്മിറ്റി അം​ഗം എ കെ ബാലൻ രം​ഗത്ത്. പിണറായി വിജയൻ മുഖ്യമന്ത്രിയായത് കൊണ്ടാണ് പൊലീസ് സംരക്ഷണമെന്നും എ കെ ബാലൻ പറഞ്ഞു.

അല്ലാത്ത പിണറായി വിജയനാണെങ്കിൽ ഈ സംരക്ഷണത്തിന്റെ ആവശ്യമില്ല. അത് ജനങ്ങൾ ഏറ്റെടുത്തു കൊള്ളും. ഇപ്പോൾ ആ ചുമതല ജനങ്ങൾക്ക് കൊടുക്കാൻ കഴിയില്ല. തെരുവിൽ ഏറ്റുമുട്ടലുണ്ടാക്കി ക്രമസമാധാനം തകർന്നെന്ന് വരുത്തുന്നതിനാണ് പ്രതിപക്ഷ നേതാവും ബിജെപി നേതാവും ശ്രമിക്കുന്നത്.

വിമോചന സമരകാലത്തും ഇതു തന്നെയായിരുന്നു പരിപാടി. ക്രമസമാധാനം തകർന്നെന്നു പറഞ്ഞാണ് കേന്ദ്രം അന്ന് പിരിച്ചുവിട്ടത്. ആ ദിശയിലേക്ക്, കേരളത്തെ ഒരു കലാപഭൂമിയാക്കുക എന്ന ഉദ്ദേശ്യത്തോടെ നടത്തുന്ന പ്രക്ഷോഭം തിരിച്ചറിയാത്തവരല്ല എൽഡിഎഫുകാരെന്നും എ കെ ബാലൻ ഫേസ്ബുക്കിൽ കുറിച്ചു. ശക്തമായ പ്രതിസന്ധിയും വെല്ലുവിളിയും ഉണ്ടാകുമ്പോൾ അതിനെ അതിജീവിക്കുന്നതിൽ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന നേതാവാണ് പിണറായി വിജയനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.