കളമശേരി സ്‌ഫോടനം, സംസ്ഥാനത്ത് വ്യാപക പരിശോധന, യുപിയിലും ഡൽഹിയിലും ജാഗ്രതാ നിർദേശം

കൊച്ചി: കളമശേരിൽ ഉണ്ടായ സ്‌‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപക പരിശോധന നടത്താൻ പൊലീസ്. കൊച്ചിയിൽ വാഹന പരിശോധന കർശനമാക്കി. സംസ്ഥാന വ്യാപക പരിശോധന നടത്താൻ പൊലീസ് മേധാവിമാർക്ക് നിർദേശം നൽകി. ജനക്കൂട്ടമുള്ള സ്ഥലങ്ങളിലും പ്രാർത്ഥനാ കേന്ദ്രങ്ങളിലും പരിശോധന നടത്തും. കണ്ണൂരിലും സുരക്ഷാ പരിശോധന നടത്തും.

സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. യുപിയിലും ഡൽഹിയിലും മഹാരാഷ്ട്രയിലും കർശന ജാഗ്രതാ നി‌ർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. തിരക്കേറിയ ഇടങ്ങളിൽ പരിശോധന തുടരുന്നു. തിരക്കേറിയ ഇടങ്ങളിൽ പരിശോധന തുടരുന്നു. കളമശേരിയിൽ യഹോവ സാക്ഷികളുടെ കൺവെൻഷൻ നടക്കുന്ന സ്ഥലത്ത് സ്ഫോടനത്തിനായി ഉപയോഗിച്ചത് വീര്യം കുറഞ്ഞ ബോംബാണെന്നാണ് കണ്ടെത്തൽ.

സ്ഥലത്തുനിന്ന് ഐ ഇ ഡിക്ക് സമാനമായ വസ്തുക്കൾ ലഭിച്ചിരുന്നു. എ‌ഡിജിപി എം ആ‌ർ അജിത് കുമാറിനാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. . കളമശേരിയിൽ മെഡിക്കൽ കോളേജിന് സമീപമുള്ള സാമ്ര ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനം നടക്കുന്നതിനിടെ ഇന്ന് രാവിലെ ഒൻപതര മണിയോടെ ആയിരുന്നു സ്ഫോടനം ഉണ്ടായത്. ഏകദേശം 2000ത്തിൽ അധികം പേർ സമ്മേളനത്തിൽ പങ്കെടുത്തതായാണ് വിവരം. സ്‌ഫോടനത്തിൽ ഒരു സ്‌ത്രീ കൊല്ലപ്പെട്ടു. 36 പേർക്ക് പരിക്കേറ്റു. ഇവരിൽ ഏഴ് പേരുടെ നില ഗുരുതരമാണ്.