ചക്കുളത്തുകാവിൽ പൊങ്കാല ബുധനാഴ്ച, ഭക്തജനപ്രവാഹം, നാടും നഗരവും ചക്കുളത്തമ്മയുടെ യജ്ഞശാലയായി

ആലപ്പുഴ. ചക്കുളത്തുകാവിലെ പ്രസിദ്ധമായ പൊങ്കാല വൃശ്ചിക മാസത്തിലെ തൃക്കാര്‍ത്തിക നാൾ മഹോത്സവമായി ബുധനാഴ്ച ആഘോഷിക്കും. നാടും നഗരവും ബുധനാഴ്ച ചക്കുളത്തമ്മയുടെ യജ്ഞശാലയായി മാറും. ക്ഷേത്രമുറ്റത്ത് പൊങ്കാലയിടാനായി പതിനായിരക്കണക്കിനു സ്ത്രീകള്‍ ചൊവ്വാഴ്ച വൈകിട്ടോടെ തന്നെ എത്തിക്കഴിഞ്ഞു. ക്ഷേത്രപരിസരത്തിനു പുറമെ 70 കിലോമീറ്റര്‍ ചുറ്റളവിലും ഭക്തര്‍ പൊങ്കാലയിടും. പൊങ്കാലക്കായി ക്ഷേത്രവും പരിസര പ്രദേശങ്ങളുമെല്ലാം ഒരുങ്ങി.

കൈയില്‍ പൂജാദ്രവ്യങ്ങളും പൊങ്കാലക്കലങ്ങളും ഭക്തിസാന്ദ്രമായ മനസുമായി വിവിധ ദേശങ്ങളിൽ നിന്നായി ഭക്തലക്ഷങ്ങളാണ് പൊങ്കാലയിടാനെത്തി വരുന്നത്. പൊങ്കാലയുമായി ബന്ധപ്പെട്ട് മേഖലയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ഡിസംബര്‍ ഏഴിന് ചെങ്ങന്നൂര്‍, മാവേലിക്കര, കുട്ടനാട്, താലൂക്കുകളിലാണ് അവധി പ്രഖ്യാപിച്ചത്. ഈ താലുക്കുകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമെല്ലാം ജില്ല കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ പൊതുപരീക്ഷകള്‍ മുന്‍നിശ്ചയിച്ച പ്രകാരം നടക്കും.

മംഗല്യഭാഗ്യം, അഭീഷ്ടകാര്യസിദ്ധി, ഐശ്വര്യപ്രാപ്തി എന്നിവയ്ക്കായാണ് ഭക്തര്‍ അത്മസമര്‍പ്പണമായി ചക്കുളത്തമ്മക്ക് പൊങ്കാലയിടുന്നത്. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, ഡല്‍ഹി തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്നും നിരവധി ഭക്തര്‍ പൊങ്കാലയിടാനെത്തിയിട്ടുണ്ട്. ക്ഷേത്രവും പരിസര പ്രദേശങ്ങളും വിദൂര ദിക്കിൽ നിന്ന് പൊങ്കാലയ്ക്കായെത്തിയ ഭക്തരാല്‍ നിറയുകയാണ്. കൈയില്‍ മണ്‍കലങ്ങളും ചൂട്ടുകളുമായി പോകുന്ന സ്ത്രീകളുടെ ഒഴുക്ക് എവിടെയും കാണാം.

പൊങ്കാല തളിക്കുന്നതിന് ആവശ്യമായ തിരുവായുധങ്ങൾ പ്രത്യേകം പൂജ ചെയ്ത് വാളിലേക്ക് ആവാഹിച്ച് ആ വാൾ എഴുന്നള്ളിച്ചാണ് പൊങ്കാല കളിക്കുക. അനുഷ്ഠാനങ്ങൾ എടുത്ത് കാപ്പു കെട്ടി 50ലധികം വരുന്ന വെളിച്ചപ്പാടുമാരാണ് തിരുവായുധങ്ങൾ എഴുന്നള്ളിച്ച് ഓരോ മൺകലങ്ങളുടെയും അടുത്ത് ചെന്ന് ദേവി സാന്നിധ്യം അറിയിച്ച പുഷ്പങ്ങളും തീർത്ഥങ്ങളും തളിച്ച് പൊങ്കാല ദേവിക്ക് സമർപ്പിക്കുക. അമ്പലമുറ്റത്ത് ഉടയാടചുറ്റി, ഭക്തജനങ്ങളുടെ ദു:ഖവും പാപവും പേറി കാര്‍ത്തികസ്തഭം ഉയര്‍ന്നുനില്‍ക്കുന്നു.

പൊങ്കാല ദിവസം വൈകീട്ട് കാര്‍ത്തികസ്തംഭം അഗ്‌നിക്കിരയാകുന്നതോടെ ഭക്തരുടെ ദുഖവും ദൂരിതവും ഒഴിയുമെന്നുള്ളതാണ് പ്രധാന വിശ്വാസം. കാർത്തിക സ്തംഭത്തിന് അഗ്നി പകരുന്നത് പശ്ചിമബംഗാൾ ഗവർണർ ഡോ. സി വി ആനന്ദബോസ് ആണ് എന്ന ഒരു പ്രത്യേകത ഇക്കുറിയുണ്ട്. പൊങ്കാലയ്‌ക്കെത്തുന്ന ഭക്തരെ സഹായിക്കാനായി വിവിധ ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നു. എണ്ണൂറോളം പൊലീസുകാര്‍ക്ക് പുറമെ ആയിരത്തോളം ക്ഷേത്ര വൊളന്റിയര്‍മാരും സേവന സന്നദ്ധരായി രംഗത്ത് ഉണ്ട്.