കെ എം ബഷീറിനെ വാഹനമിടിച്ച് കൊന്ന കേസ്: വിചാരണ നടപടികള്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി. മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീർ ഐ എ എസ് ഓഫീസർ ശ്രീറാം വെങ്കിട്ടരാമന്റെ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസില്‍ വിചാരണ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് സിയാദ് റഹ്‌മാന്റെ ബെഞ്ചാണ് വിചാരണ നടപടികള്‍ സ്റ്റേ ചെയ്തത് ഉത്തരവായത്. കേസില്‍ ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യ കുറ്റം ഒഴിവാക്കിയ കീഴ്‌ക്കോടതി ഉത്തരവ് നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.

നരഹത്യ കുറ്റം ഒഴിവാക്കിയ വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കാനായി മാറ്റിയിട്ടുണ്ട്. ശ്രീറാമിന് എതിരായ നരഹത്യാക്കുറ്റം ഒഴിവാക്കിയ തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ് കോടതി വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലാണ് ഇപ്പോൾ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്നത്. രണ്ട് മാസത്തേക്കാണ് ഉത്തരവ് സ്റ്റേ ചെയ്തിരിക്കുന്നത്. ഹൈക്കോടതിയില്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പറയുന്നതുവരെ കീഴ്‌ക്കോടതിക്ക് തുടര്‍നടപടികളുമായി മുന്നോട്ട് പോകാൻ കഴിയില്ല.

ഹൈക്കോടതി ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കും. സര്‍ക്കാര്‍ ഹര്‍ജിയിലെ ഉത്തരവിനെ ആശ്രയിച്ചാകും തുടര്‍നടപടി ഉണ്ടാവുക. ശ്രീറാം വെങ്കിട്ടരാമന്‍, വഹ ഫിറോസ് എന്നിവര്‍ എതിര്‍കക്ഷികളായ കേസിൽ നരഹത്യ കുറ്റം നിലനില്‍ക്കുമെന്നാണ് ഹൈക്കോടതി കണ്ടെത്തുന്നതെങ്കില്‍ നരഹത്യക്കുറ്റവും കൂടി ചേര്‍ത്താകും കേസിന്റെ വിചാരണ തുടർന്ന് നടക്കുക.