മലേഗാവ് സ്ഫോടനക്കേസില്‍ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് പ്രസാദ് ശ്രീകാന്ത് നല്‍കിയ ഹര്‍ജി തള്ളി

മുംബൈ. മലേഗാവ് സ്ഫോടനക്കേസില്‍ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് കേസിലെ മുഖ്യപ്രതി കേണല്‍ പ്രസാദ് ശ്രീകാന്ത് പുരോഹിത് നല്‍കിയ ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി. ബോംബ് സ്ഫോടനം നടത്തുന്നത് ഔദ്യോഗിക കൃത്യനിര്‍വഹണമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി തള്ളിയത്.

ജസ്റ്റിസുമാരായ എ എസ് ഗഡ്കരി, പ്രകാശ് നായിക് എന്നിവരുടെ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. തന്നെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഇന്ത്യന്‍ സൈന്യത്തില്‍ നിന്ന് സിആര്‍പിസി 197(2) വകുപ്പ് പ്രകാരം അനുമതി ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പുരോഹിത് അപ്പീല്‍ നല്‍കിയിരുന്നത്.

എന്നാല്‍ സ്ഫോടനം അദ്ദേഹത്തിന്റെ ചുമതലയുടെ ഭാഗമല്ലാത്തതിനാല്‍ സൈന്യത്തിന്റെ അനുമതിയുടെ ആവശ്യമില്ലെന്ന് എന്‍ഐഎ വാദിച്ചു. 2008-ല്‍ നടന്ന മലേഗാവ് സ്ഫോടനത്തില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും 101 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2008-ലാണ് കേണല്‍ പുരോഹിതിനെ യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്തത്. ബിജെപി എം.പി പ്രജ്ഞാ സിങ് ഠാക്കൂറും മറ്റു ആറ് പേരും ഈ കേസില്‍ പ്രതികളാണ്.