രണ്ട് പേരുടെയും രണ്ടാം ഇന്നിങ്സ്, അനുഗ്രഹം വേണം- പ്രശാന്ത് ബാലകൃഷ്ണൻ

രണ്ട് പേരുടെയും ജീവിതത്തിലെ രണ്ടാം ഇന്നിങ്സ് ആണ് ഈ വിവാഹമെന്ന് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ. ബെംഗളൂരിൽ വച്ചു നടന്ന വിവാഹ റിസപ്‌ഷനിൽ വച്ചാണ് പ്രശാന്ത് ഇക്കാര്യം വെളിപ്പെടുത്തിയത്. നിങ്ങളുടെ വിലയേറിയ സമയം മാറ്റിവച്ച് ഈ മനോഹരനിമിഷത്തിൽ ഞങ്ങൾക്കൊപ്പം ചേർന്നതിൽ നന്ദിയുണ്ട്. ഇതു ഞങ്ങളുടെ രണ്ടുപേരുടെയും സെക്കൻഡ് ഇന്നിങ്സ് ആണ്. പക്ഷേ ഇന്നിവിടെ നിങ്ങളെയെല്ലാവരെയും ഒരുമിച്ചു കാണുമ്പോൾ ഇത് ജീവിതകാലം മുഴുവനുമുള്ള ഇന്നിങ്സ് ആണെന്നു തന്നെ പറയുന്നു. സ്നേഹം മാത്രിമെന്ന് പ്രശാന്ത് ബാലകൃഷ്ണൻ പറഞ്ഞു.

ജനുവരി 17 ന് ബെംഗളൂരു മല്ലേശ്വരം ക്ഷേത്രത്തിൽ വച്ചായിരുന്നു ലെനയുടെയും പ്രശാന്തിന്റെയും വിവാഹം. വിവാഹത്തിൽ ഇരുവരുടെയും വീട്ടുകാർ മാത്രമാണ് പങ്കെടുത്തത്. ആത്മീയത, മാനസികാരോഗ്യം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറലായ ലെനയുടെ യൂട്യൂബ് വിഡിയോ പ്രശാന്തും കാണാനിടയായിരുന്നു. ആ വിഡിയോ കണ്ടാണ് ലെനയെ പ്രശാന്ത് വിളിക്കുന്നത്. ആ സൗഹൃദം മുന്നോട്ടുപോകുകയും അതൊരു വിവാഹാലോചനയിൽ എത്തുകയുമായിരുന്നു.

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാൻ യാത്രികരുടെ പേരുകൾ പ്രധാനമന്ത്രി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മലയാളികളെ ഞെട്ടിച്ച വാർത്തയുമായി ലെന എത്തിയത്. താനും ഗഗൻയാൻ ദൗത്യ തലവൻ പ്രശാന്തും വിവാഹിതരായെന്നും പ്രധാനമന്ത്രി ബഹിരാകാശ യാത്രികരെ പ്രഖ്യാപിച്ചതിനുശേഷം വിവരം പുറത്തറിയിക്കാൻ കാത്തിരിക്കുകയായിരുന്നുവെന്നും ലെന വെളിപ്പെടുത്തിയിരുന്നു.