സിദ്ധാർഥിന്റെ മരണത്തിൽ പ്രധാനപ്രതി അഖിൽ പിടിയിൽ; കൃത്യത്തിൽ നേരിട്ടു പങ്കുള്ള പ്രതി പിടിയിലായത് പാലക്കാട് ഒളിവിൽ കഴിയവേ

കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാല ക്യാംപസിലെ വിദ്യാർത്ഥി ജെ.എസ്.സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രധാനപ്രതി പിടിയിൽ. കൃത്യത്തിൽ നേരിട്ട് പങ്കുള്ള അഖിലിനെ പാലക്കാട്ടുനിന്നാണു കസ്റ്റഡിയിലെടുത്തത്. ഇനിയും 11 പ്രതികളെയാണ് പിടികൂടാനുള്ളത്.

അതേസമയം മകന്റെ മരണത്തിൽ സിദ്ധാർത്ഥിന്റെ അച്ഛൻ ജയപ്രകാശ് സിപിഎമ്മിനെതിരെ രംഗത്തെത്തി. പ്രധാന പ്രതികളെ പാർട്ടി സംരക്ഷിക്കുകയാണ്. പിടികൂടിയ ആറു പേരിൽ പ്രധാന പ്രതികൾ ഇല്ല. കോളേജിൽ നിന്നും 12 പേരെ സസ്‌പെൻഡ് ചെയ്തിരുന്നു, ഇതിൽ ആരെയും അറസ്റ്റു ചെയ്തില്ലെന്നും അദ്ദേഹം ആരോപിച്ചു. സീനിയേഴ്‌സായ എസ്എഫ്‌ഐക്കാർ ലഹരി ഉപയോഗിക്കുമെന്ന് മകൻ പറഞ്ഞിരുന്നു. മരണ ശേഷം മകന്റെ സുഹുത്തുകളും ഇക്കാര്യം പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട 12പേരും എസ്എഫ് ഐക്കാരാണ്.അറസ്റ്റ് ചെയ്ത പ്രതികളിൽ മുഖ്യപ്രതികളില്ല. മുഖ്യപ്രതികളെ പൊലിസ് അറസ്റ്റ് ചെയ്യാത്തത് പാർട്ടി സമ്മർദ്ദം കാരണമെന്നും അദ്ദേഹം ആരോപിച്ചു.

എന്നാൽ, സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ കുറ്റക്കാരെ ആരെയും സംരക്ഷിക്കില്ലെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ കോളജ് യൂണിയന്‍ ഭാരവാഹികളായ നാലു പേരെ സംഘടനയില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്. ആന്റി റാഗിങ് സെല്ലിന്റെ പ്രാഥമിക റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ നടപടി സ്വീകരിച്ചിരുന്നു.

ഒരു കാമ്പസിലും ഉണ്ടാകാന്‍ പാടില്ലാത്തതായ ആക്രമണമാണ് സിദ്ധാര്‍ത്ഥിന് നേരെയുണ്ടായത്. ഇതുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ കൂടുതല്‍ അന്വേഷിക്കും. കൂടുതല്‍ പ്രവര്‍ത്തകര്‍ കുറ്റക്കാരായിട്ടുണ്ടെങ്കില്‍ എല്ലാവര്‍ക്കെതിരെയും നടപടിയെടുക്കും. ഈ അക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെല്ലാം എസ്എഫ്‌ഐക്കാരാണെന്ന് കരുതുന്നില്ല. ഇതിന് സംഘടനാ നിറം നല്‍കേണ്ടതില്ലെന്നും ആര്‍ഷോ പറഞ്ഞു.