പ്രിൻസിപ്പൽ നിയമനം, മന്ത്രി ആർ.ബിന്ദു ഇടപെട്ടത് എ.കെ.ജി.എസ്.ടിക്ക് വേണ്ടി, രേഖകൾ പുറത്ത്

തിരുവനന്തപുരം : പ്രിൻസിപ്പൽ നിയമനത്തിനായുള്ള അന്തിമപട്ടികയിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദു ഇടപെട്ടത് ഇടത് അദ്ധ്യാപക സംഘടനയായ എ.കെ.ജി.എസ്.ടിക്ക് വേണ്ടി. അന്തിമപ്പട്ടിക കരട് പട്ടികയാക്കാനുള്ള ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശവും എ.കെ.ജി.എസ്.ടിയുടെ ആവശ്യവും സമാനമാണെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്. പുതിയ മാനദണ്ഡമനുസരിച്ച് കോളേജുകളിലേക്കായുളള പ്രിൻസിപ്പൽ സെലക്ഷൻ നടത്തുമ്പോൾ ഷോർട് ലിസ്റ്റ് പ്രസിദ്ധീകരിച്ച് പരാതി പരിഹരിക്കാൻ അവസരം ഒരുക്കണമെന്ന് സംഘടന നൽകിയ പരാതിയിൽ പറയുന്നു.

ഡെപ്യൂട്ടേഷനിൽ പോയ അദ്ധ്യാപകർക്ക് സ്ഥാനക്കയറ്റത്തിന്റെ പട്ടികയിൽ ഉൾപ്പെടാൻ കഴിഞ്ഞിട്ടില്ലെങ്കിൽ അത് പരിശോധിക്കണം, കോളേജ് വിദ്യാഭ്യാസ ഡയറക്ടർ ഏകപക്ഷീയമായി തിരുത്തിയ പട്ടിക പരിശോധിക്കണം എന്നിവയായിരുന്നു പരാതിയിൽ പരാമർശിച്ച മറ്റുകാര്യങ്ങൾ. ഇതിന് സമാനമായ നിർദേശമാണ് പ്രിൻസിപ്പൽ നിയമനത്തിനുള്ള പട്ടിക അടങ്ങിയ ഫയൽ സമർപ്പിച്ചപ്പോൾ മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായതും.

അന്തിമ പട്ടികക്കെതിരെ 2022 ജൂൺ 27ന് എകെജിസിടി മന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ അഭ്യർത്ഥന മന്ത്രി തളളിയത്. പിന്നാലെ അന്തിമ പട്ടിക, കരട് പട്ടികയാക്കി പ്രസിദ്ധീകരിക്കാനും പരാതി പരിഹരിക്കാൻ അപ്പീൽ കമ്മിറ്റി രൂപവത്കരിക്കാനും മന്ത്രി ഫയലിൽ നിർദേശിച്ചു.

യുജിസി റെഗുലേഷന് വിരുദ്ധമായ നടപടികളാണ് പിന്നീട് ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നടന്നത്. അന്തിമപ്പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടാനുളള കാരണം യുജിസി വ്യവസ്ഥകൾ പാലിക്കാത്തതിനാലാണെന്നാണ് ഔദ്യോഗിക വിശദീകരണം. അപ്പീൽ സമിതി പരാതികളെല്ലാം പരിഹരിച്ച് അർഹരായവരെയാണ് പുതിയപ്പട്ടികയിൽ ഉൾപ്പെടുത്തിയതെന്നാണ് ന്നത വിദ്യാഭ്യാസ വകുപ്പിന്റെ വാദം.