പ്രശസ്ത സിനിമാ നിര്‍മ്മാതാവ് ഗാന്ധിമതി ബാലന്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത സിനിമാ നിര്‍മ്മാതാവ് ഗാന്ധിമതി ബാലന്‍ അന്തരിച്ചു. 66 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

ക്ലാസിക് സിനിമകൾ മലയാളത്തിന് സമ്മാനിച്ച നിർമ്മാതാവും വിതരണക്കാരനുമായ ​ഗാന്ധിമതി ബാലൻ . പഞ്ചവടിപ്പാലം, മൂന്നാം പക്കം, തൂവാനത്തുമ്പികള്‍, സുഖമോ ദേവി, പത്താമുദയം, നൊമ്പരത്തിപ്പൂവ് തുടങ്ങിയവ ഗാന്ധിമതി ബാലന്‍ നിര്‍മ്മിച്ച സിനിമകളാണ്.

‘ഇത്തിരി നേരം ഒത്തിരി കാര്യം’ ആയിരുന്നു ​ഗാന്ധിമതി ഫിലിംസിന്റെ ആദ്യ സിനിമ. മുപ്പതോളം സിനിമകളുടെ നിർമാണവും വിതരണവും നിർവഹിച്ചു. സാഹിത്യ, സാമൂഹിക, സാംസ്‌കാരിക വേദികളിലും ​ഗാന്ധിമതി ബാലൻ നിറസാന്നിധ്യമായിരുന്നു.

പത്മരാജൻ, ബാലചന്ദ്ര മേനോൻ, ജെ. ശശികുമാർ, വേണു നാഗവല്ലി, ജോഷി തുടങ്ങിയ സംവിധായകരുടെ ചിത്രങ്ങളുടെ നിർമാതാവായിരുന്ന ബാലൻ മുപ്പതോളം സിനിമകളുടെ നിർമാണവും വിതരണവും നിർവഹിച്ചു. അവതാരകയും സംരംഭകയുമായ സൗമ്യ ബാലൻ, അനന്തപത്മനാഭൻ എന്നിവർ മക്കളാണ്.