രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ, പ്രധാന പ്രതി പിടിയില്‍

ന്യൂഡല്‍ഹി. നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ നിര്‍മിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്. പ്രതി ആന്ധ്രാ പ്രദേശില്‍ നിന്നും പിടിയിലായതായിട്ടാണ് ഡല്‍ഹി പോലീസ് നല്‍കുന്ന വിവരം. കഴിഞ്ഞ നവംബറിലാണ് രശ്മികയുടെ ഡീപ് ഫേക്ക് വീഡിയോ പ്രചരിച്ചത്.

എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മിച്ച ഡീപ് ഫേക്ക് വീഡിയോയാണ് പ്രചരിച്ചത്. സാറാ പട്ടേല്‍ എന്ന ബ്രീട്ടീഷ് ഇന്ത്യന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുടെ ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് ഡീപ് ഫേക്ക് വീഡിയോ നിര്‍മിച്ചത്. രശ്മികയുടെ വീഡിയോ പ്രചരിച്ചതോടെയാണ് ഇന്ത്യയില്‍ ഡീപ് ഫേക്ക് വീഡിയോ വലിയ ചര്‍ച്ചയായത്.

അതേസമയം കേന്ദ്രസര്‍ക്കാര്‍ ഡീപ് ഫേക്കിനെക്കുറിച്ച് സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഡല്‍ഹി പോലീസ് അന്വേഷണം ആരംഭിച്ചു. വീഡിയോ പങ്കുവെച്ചവര്‍ ഉള്‍പ്പെടെ കേസില്‍ പോലീസ് ചോദ്യം ചെയ്തു.