എംബിബിഎസ് പരീക്ഷാ ഹാളുകളില്‍ വാച്ചിനും വളയ്ക്കും വിലക്ക്;

തിരുവനന്തപുരം: സംസ്ഥാനത്തെ എംബിബിഎസ് പരീക്ഷാ ഹാളുകളില്‍ ഇനി മുതല്‍ വാച്ച്, വലുപ്പമുള്ള മാലകള്‍, വള, മോതിരം തുടങ്ങിയ ആഭരണങ്ങള്‍ക്ക് ആരോഗ്യ സർവ്വകലാശാല വിലക്കേർപ്പെടുത്തി.

ആറ് മെഡിക്കൽ കോളജുകളില്‍ കോപ്പിയടി കണ്ടെത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. നിയന്ത്രണങ്ങൾ കൊണ്ട് കോപ്പിയടിയും പരീക്ഷാ ക്രമക്കേടും തടയാൻ സഹായിക്കുമെന്നാണ് സർവ്വകലാശാല
കണക്കുകൂട്ടുന്നത്.

വിദ്യാര്‍ഥികള്‍ക്ക് സമയം അറിയാൻ എല്ലാ പരീക്ഷാ ഹാളിലും ക്ളോക്കുകൾ സ്ഥാപിക്കാൻ സർവ്വകലാശാല നിർദ്ദേശം നൽകി.സാധാരണ ബോൾ പോയിന്‍റ് പേനകൾ മാത്രമേ ഉപയോഗിക്കാവൂ എന്നും വിദ്യാർത്ഥികൾ കൊണ്ടുവരുന്ന വെള്ളക്കുപ്പി അനുവദിക്കേണ്ടെന്നും തീരുമാനമുണ്ട്.

ആലപ്പുഴയിലെയും എറണാകുളത്തെയും സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും എസ്.യു.ടി, അസീസിയ, എം.ഇ.എസ്, എസ്.ആര്‍ എന്നീ സ്വാശ്രയ മെഡിക്കൽ കോളജുകളിലുമാണ് കോപ്പിയടി കണ്ടെത്തിയത്. കൂടുതല്‍ കോളജുകളില്‍ പരീക്ഷാ ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്.